"ഫോണിൽ ഫോട്ടോ എടുക്കാറില്ല, പാസ്‌വേഡുകൾ 15 ദിവസം കൂടുമ്പോൾ മാറ്റും": വെളിപ്പെടുത്തി നാ​ഗാർജുന

ഹാക്കിങ് തടയുന്നതിനു വേണ്ടിയാണ് ഫോൺ പാസ്‌വേഡുകൾ ഓരോ 15 ദിവസം കൂടുമ്പോഴും മാറ്റുന്നത്
NAGARJUNA ABOUT CYBER SECURITY

നാ​ഗാർജുന

Updated on

ഫോൺ ഉപയോ​ഗിക്കുമ്പോൾ സ്വീകരിക്കുന്ന മുൻകരുതലുകൾ തുറന്നു പറഞ്ഞ് നടൻ നാ​ഗാർജുന അക്കിനേനി. ഫോൺ ഉപയോ​ഗിച്ച് ഫോട്ടോകൾ എടുക്കാറില്ലെന്നും 15 ദിവസം കൂടുമ്പോൾ പാസ്‌വേഡുകൾ മാറ്റുമെന്നുമാണ് താരം പറഞ്ഞത്. ഹൈദരാബാദിൽ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ 'സുരക്ഷ കാ തിരംഗ' സൈബർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാക്കിങ് തടയുന്നതിനു വേണ്ടിയാണ് ഫോൺ പാസ്‌വേഡുകൾ ഓരോ 15 ദിവസം കൂടുമ്പോഴും മാറ്റുന്നത്. കൂടാതെ വീട്ടിലെ വൈഫൈ പാസ്‌വേഡ് ഓരോ മാസമോ അല്ലെങ്കിൽ രണ്ടു മാസം കൂടുമ്പോഴോ മാറ്റാറുണ്ട്. നാലുവർഷംമുൻപ് വന്ന ഒരു തട്ടിപ്പ് ഫോൺ കോളിന് ശേഷമാണ് താൻ ഇത്രയധികം ജാഗ്രത പുലർത്താൻ തുടങ്ങിയത് എന്നാണ് താരം പറഞ്ഞത്.

ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിളിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. 'നിങ്ങൾക്ക് ഓഹരികളിലും ഇക്വിറ്റികളിലും നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടോ?' എന്ന് ചോദിച്ചു. സാധാരണയായി എന്റെ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരാണ് വിളിക്കാറുള്ളത്, എന്നാൽ ഇത് മറ്റൊരു കോളായിരുന്നു. വഴങ്ങാതായപ്പോൾ ഏറെ നിർബന്ധിച്ചു എന്നാണ് നാ​ഗാർജുന പറയുന്നത്.

കസ്റ്റംസിൽ നിന്നാണെന്ന് വ്യാജേന തനിക്കും ഇത്തരം ഫോൺ കോളുകൾ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.താൻ ഇറാനിലേക്ക് സംശയാസ്പദമായ ഒരു പാർസൽ അയച്ചിട്ടുണ്ടെന്നും അതിൽ മയക്കുമരുന്നുകൾ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് പൊലീസ് വകുപ്പിൽ നിന്ന് കോൾ വരുമെന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഫോണിൽ തുടരുവാൻ അവർ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തന്റെ ബന്ധുവിന് നേരിടേണ്ടി വന്ന 'ഡിജിറ്റൽ അറസ്റ്റിനെക്കുറിച്ചും' നാഗാർജുന പരിപാടിയിൽ സംസാരിച്ചു.

logo
Metro Vaartha
www.metrovaartha.com