

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറ സൂപ്പർഹിറ്റായി മുന്നേറുകയാണ്. മാർച്ച് 30-നാണു ചിത്രം റിലീസ് ചെയ്തത്. രണ്ടു ദിവസം പിന്നിടുമ്പോഴേക്കും ചിത്രം ആഗോളതലത്തിൽ കലക്റ്റ് ചെയ്തതു 53 കോടി രൂപയാണ്. നവാഗതനായ ശ്രീകാന്ത് ഒഡേലയാണു ചിത്രത്തിന്‍റെ സംവിധാനം.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ചിരിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണു ചിത്രത്തിലെ നായിക. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.
സിനിമയ്ക്കായുള്ള നാനിയുടെ ഗെറ്റപ്പ് ചെയ്ഞ്ച് നേരത്തെ ചർച്ചയായിരുന്നു. തെലങ്കാന ഭാഷയാണു ചിത്രത്തിൽ നാനി കൈകാര്യം ചെയ്യുന്നത്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം സത്യൻ സൂര്യൻ ഐഎസ്സി. E4 എന്‍റർടൈൻമെന്‍റാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.