അതിജീവനത്തിന്‍റെ പോരാട്ടം: നരിവേട്ട ട്രെയിലർ എത്തി
''പേടിയില്ല സാർ... മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും....''
മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ മണ്ണിൽ അന്തിയുറങ്ങാൻ അതിജീവനം നടത്തുന്നവരുടെ ഇത്തരം നിരവധി മുഹൂർത്തങ്ങളിലൂടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും നിരവധി ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ചിത്രമാണ് നരിവേട്ട. ചിത്രത്തിന്‍റെ പുറത്തുവിട്ട ഒഫീഷ്യൽ ട്രെയിലറിൽ ഇത്തരം നിരവധി രംഗങ്ങൾ കാട്ടിത്തരുന്നു.
ഒരു മാസ് എന്‍റർടെയ്നറാണ് ഈ ചിത്രമെന്നു വ്യക്തമാക്കുന്നതാണ് ട്രെയിലർ. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമിക്കുന്നു. മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തന്നത്.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടന്നുമായ ചേരനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂന്നു പേരും പൊലീസ് വേഷത്തിലാണ്.
വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥാ പുരോഗതി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്‍റേതാണു തിരക്കഥ. ഗാനങ്ങള്‍ - കൈതപ്രം, സംഗീതം - ജെയ്ക്ക് ബിജോയ്. ഛായാഗ്രഹണം - വിജയ്, എഡിറ്റിങ് - ഷമീര്‍ മുഹമ്മദ്.