
നസ്ലിൻ കെ. ഗഫൂർ
നൂറ് കോടി ക്ലബിലേക്ക് ഇടിച്ചു കയറി മലയാളത്തിലെ താരസിംഹാസനം ഉറപ്പിച്ചിരിക്കുകയാണ് യുവതാരം നസ്ലിൻ കെ. ഗഫൂർ. ലോകാ ചാപ്റ്റർ വൺ ചന്ദ്ര എന്ന സിനിമ തിയെറ്ററുകളിൽ സൂപ്പർഹിറ്റായതോടെയാണ് നസ്ലിന്‍റെ തലവരയും മാറുന്നത്. കഴിഞ്ഞ വർഷം നസ്ലിൻ നായകനായെത്തിയ ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു നൂറ് കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ലോകായും നൂറു കോടി ക്ലബിലേക്കുള്ള യാത്രയിലാണ്. വെറും 25 വയസിലാണ് നസ്ലിൻ ആരും കൊതിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ദുൽഖർ സൽമാനും ടൊവിനോ തോമസിനുമൊപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ടുള്ള നസ്ലിന്‍റെ പോസ്റ്റിനു താഴെ എടാ സൂപ്പർ സ്റ്റാർ എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.
2025ൽ നസ്ലിൻ നായകനായെത്തിയ ആലപ്പുഴ ജിംഘാനയും ഹിറ്റുകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിന് നൂറ് കോടി ക്ലബിൽ കയറാൻ സാധിച്ചില്ല. 65 കോടിയായിരുന്നു ചിത്രത്തിന്‍റെ കലക്ഷൻ. ലുക്മാൻ അവറാൻ, ഗണപതി എസ് പൊതുവാൾ, സന്ദീപ് പ്രദീപ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ലോകായിലെ നസ്ലിന്‍റെ വേഷവും ശ്രദ്ധേയമാണ്. സ്ത്രീ കേന്ദ്രീകൃത സിനിമയിൽ വേഷം സ്വീകരിക്കാൻ തയാറായതും നസ്ലിന്‍റെ പ്രേക്ഷകപ്രീതി വർധിപ്പിക്കുന്നുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന മൂന്നാമത്തെ മലയാളം സിനിമയാണ് ലോക. ആസിഫ് അലിയുടെ ടിക്കി ടാക്കയിലാണ് നസ്ലിൻ അടുത്തതായി അഭിനയിക്കുന്നത്.