ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സിനിമ; ഇന്ദ്രജിത്തിന്‍റെ 'നായകൻ' ട്രെയിലർ | Video
ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നായകൻ. ചിത്രത്തിന്‍റെ റീറിലീസിനു മുന്നോടിയായി ട്രെയിലർ പുറത്തുവിട്ടു. പക്കാ ഡാർക്ക് മൂഡിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. മനോജ് പരമഹംസയുടെ സ്റ്റൈലിഷ് ഫ്രെയിംസ്, പ്രശാന്ത് പിള്ളയുടെ കൊട്ടി കയറുന്ന മ്യൂസിക്, എൽജെപി മാജിക്ക് എന്നിവ വീണ്ടും ബിഗ് സ്‌ക്രീനിൽ 4K ദൃശ്യമികവിൽ ഒക്റ്റോബർ 30 മുതൽ ആസ്വദിക്കാം.
2010ൽ റിലീസ് ചെയ്ത ചിത്രം പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് റീറിലീസ് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്‍റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.
പി.എസ്. റഫീക്കിന്‍റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലുണ്ട്. ഇല്യുമിനാറ്റോ ഫിലിംസിന്‍റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.
റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും ഇന്ദ്രജിത്തിന്‍റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതൻ, ഛോട്ടാ മുംബൈ, കിരീടം എന്നീ സിനിമകളുടെ റീറിലീസ് വിജയത്തിന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്‍ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ സംഗീതവും നോൺ-ഇൻട്രൂസീവ് സ്കോറും സിനിമയിലെ മറ്റ് ആകർഷക ഘടങ്ങളാണ്.
