

പൊട്ടിക്കരഞ്ഞ് നടി നീതു കൃഷ്ണ, ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ബി. ഉണ്ണികൃഷ്ണൻ; കുറിപ്പ്
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ നീതു കൃഷ്ണ ബിഗ് സ്ക്രീനിലേക്ക് ചുവടുവെക്കുകയാണ്. നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിച്ഛായ എന്ന ചിത്രത്തിലൂടെയാണ് നീതുവിന്‍റെ അരങ്ങേറ്റം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത് ബി. ഉണ്ണികൃഷ്ണനെക്കുറിച്ച് നീതു പങ്കുവച്ച ഒരു കുറിപ്പാണ്.
തുടക്കക്കാരിയായ തന്നോടു പോലും സ്നേഹത്തോടെയും കരുണയോടെയുമാണ് ഉണ്ണി സാർ പെരുമാറിയിരുന്നത് എന്നാണ് നീതു കുറിക്കുന്നത്. ഞാൻ ഇൻട്രൊഡ്യൂസ് ചെയ്യുന്ന കുട്ടിയാണ് എന്ന് തന്നേക്കുറിച്ച് അദ്ദേഹം പറയുമ്പോഴെല്ലാം തന്‍റെ ഹൃദയം സന്തോഷം കൊണ്ടും അഭിമാനംകൊണ്ടും തുള്ളിച്ചാടുമെന്നും നടി കുറിക്കുന്നു. ബി. ഉണ്ണികൃഷ്ണന്‍റെ മുന്നിൽ നീതു പൊട്ടിക്കരയുന്നതും അദ്ദേഹം ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതിന്‍റേയും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
എന്നെപ്പോലൊരു തുടക്കക്കാരിയുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് എന്നെ നയിച്ചതിന് നന്ദി. സർ നൽകിയ സുരക്ഷിതബോധത്തിനും ഏറ്റവും കംഫർട്ടബിൾ ആയ ഒരു സാഹചര്യത്തിൽ സിനിമയെ അനുഭവിക്കാൻ എനിക്ക് അവസരം നൽകിയതിനും നന്ദി പറയുന്നു. മറ്റ് അഭിനേതാക്കൾ തങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകരെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ, എന്നെ ‘അവതരിപ്പിക്കുന്നു’ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നതിന് ഞാൻ ആരോടായിരിക്കും എന്നെങ്കിലും നന്ദി പറയുക എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അത് സാറായതിൽ ഞാൻ അങ്ങേയറ്റം കൃതാർത്ഥയും സന്തോഷവതിയുമാണ്.- നീതു കുറിച്ചു. ചിത്രത്തിൽ 'റോസ ജയദേവൻ' എന്ന കരുത്തുറ്റ കഥാപാത്രമായാണ് നീതു എത്തുന്നത്.