
നേരറിയും നേരത്ത്
ശരത് ഉമയനല്ലൂർ
ഒഴുകിപ്പരക്കുന്ന പ്രണയവും നഷ്ടപ്പെടലുകളും പ്രതികാരവും ഇഴുകിച്ചേർന്ന് പ്രേക്ഷകന്‍റെ ഹൃദയത്തിലേക്കൊഴുകുന്നു 'നേരറിയും നേരത്ത് '. ഒന്നരമണിക്കൂർ മാത്രമുള്ള ഫാലിമി ത്രില്ലർ സിനിമയുടെ ഹാങ് ഓവർ തിയെറ്റർ വിട്ടിറങ്ങുന്ന ആസ്വാദകനെ വിടാതെ പന്തുടരുന്നു. വേണി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമിച്ച് ജി.വി.
രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ചിത്രം 'നേരറിയും നേരത്ത് ' തിയെറ്ററുകളിൽ മോശമല്ലാത്ത പ്രതികരണമാണുണ്ടാക്കുന്നത്.
ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ്, എംബിബിഎസ് വിദ്യാർത്ഥിനിയായ അപർണ. ഒരു മിഡിൽ ക്ലാസ് ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ തീവ്രമായ പ്രണയത്തിലാണ്. അതിനെ തുടർന്ന് പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടാകുന്നു.
മകൾ പ്രണയത്തിലാണ് എന്ന് അറിഞ്ഞതോടെ സ്നേഹനിധിയായ അച്‌ഛന്‍റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. തന്‍റെ ആഗ്രഹങ്ങൾക്കൊപ്പം നിലകൊള്ളും എന്ന് പ്രതീക്ഷിച്ച അച്‌ഛൻ പ്രണയത്തെ എതിർത്തപ്പോൾ അപർണ തകര്‍ന്നു. തുടർന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടികളാണ് അപർണക്ക് നേരിടേണ്ടി വരുന്നത്. അതിന് കാരണമായവരെ തന്‍റേതായ രീതികളിലൂടെ അപർണ നേരിടുന്ന ഇതിവൃത്തം പ്രേക്ഷകന് പുതിയ അനുഭവം സമ്മാനിക്കുന്നു.
അപ്രതീക്ഷിത ക്ലൈമാക്സാണു സിനിമയുടെ ഹൈലൈറ്റ്. ഇതിൽ സംവിധായകന്‍റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ ഏകാഭിപ്രായം. താരമൂല്യം കുറവാണെങ്കിലും ആശയ മൂല്യം കൊണ്ട് സമ്പന്നമാണ് തന്‍റെ ചിത്രമെന്നു സംവിധായകൻ രഞ്ജിത്ത് പറയുന്നു. ഏകദേശം 25 ദിവസം കൊണ്ട് തിരുവനന്തപുരത്ത് ചിത്രീകരിച്ച സിനിമയാണ് നേരറിയും നേരത്ത്.
അഭിറാം രാധാകൃഷ്‌ണനാണ് സിനിമയിൽ നായകനായി എത്തുന്നത്. ഫറ ഷിബ്‌ലയാണ് സിനിമയിലെ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡ്യൂസർ കൂടിയായ എസ്. ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ.വിമല, ബേബി വേദിക, നിഷാന്ത് എസ്.എസ്, സുന്ദരപാണ്ഡ്യൻ, ശ്വേത വിനോദ് നായർ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, നിമിഷ ഉണ്ണികൃഷ്ണൻ, കലസുബ്രമണ്യൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബാനർ - വേണി പ്രൊഡക്ഷൻസ്, നിർമാണം - എസ് ചിദംബരകൃഷ്ണൻ, രചന, സംവിധാനം - രഞ്ജിത്ത് ജി വി, കോ - പ്രൊഡ്യൂസർ, ഫിനാൻസ് കൺട്രോളർ - എ വിമല, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ്-മനു ഷാജു, ഗാനരചന - സന്തോഷ് വർമ, സംഗീതം - ടി എസ് വിഷ്ണു, ആലാപനം - രഞ്ജിത്ത് ഗോവിന്ദ്, ഗായത്രി രാജീവ്, ദിവ്യ നായർ, പശ്ചാത്തലസംഗീതം - റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ - കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിനീഷ് ഇടുക്കി, കല - അജയൻ അമ്പലത്തറ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, സഹസംവിധാനം - അരുൺ ഉടുമ്പുൻചോല, ബോബി, വിതരണം - ശുഭശ്രീ സ്റ്റുഡിയോസ്, ഡിസൈൻസ് - റോസ്മേരി ലില്ലു, സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, പിആർഓ - അജയ് തുണ്ടത്തിൽ എന്നിവരാണ് നേരറിയും നേരത്തിന്‍റെ അണിയറ പ്രവർത്തകർ.