

നിവിൻ പോളി, കുമാർ മംഗത് പഥക്.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ. രാജ്യത്തെ പ്രമുഖ ചലച്ചിത്ര നിർമാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസ് ആണ് 100 കോടി രൂപ ചെലവിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമിക്കാനുള്ള കരാർ നിവിൻ പോളിക്കു നൽകിയിരിക്കുന്നത്. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും ഈ ചിത്രങ്ങൾ നിർമിക്കുക.
ഓംകാര ആയിരുന്നു പനോരമ സ്റ്റുഡിയോസിന്‍റെ അരങ്ങേറ്റ ചിത്രം. തുടർന്നിങ്ങിട്ടോ പ്യാർ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, ശെയ്ത്താൻ എന്നിവ. നിലവിൽ നിർമാണത്തിലിരിക്കുന്ന ദൃശ്യം 3 ആണ് അടുത്തതായി റിലീസ് ചെയ്യാനുള്ള പ്രധാന പ്രൊഡക്ഷൻ.
ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ മൾട്ടി-ഫിലിം ഡീൽ, വ്യത്യസ്ത വിഭാഗങ്ങളിലുള്ള ചിത്രങ്ങൾ ഒരുക്കുകയും, ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങളെ മുഖ്യധാരാ സിനിമയുമായി സംയോജിപ്പിക്കുന്നതുമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ. കഥപറച്ചിലിനും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകൾക്കും മലയാള സിനിമ കൃത്യമായ ഒരു നിലവാരം സ്ഥാപിച്ചിട്ടുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു.
വിശ്വാസ്യത, കഴിവ്, ജനപ്രീതി എന്നിവയെ പ്രതിനിധീകരിക്കുന്ന നിവിൻ പോളിയുമായുള്ള പങ്കാളിത്തം പനോരമ സ്റ്റുഡിയോസിന്‍റെ സ്വാഭാവിക പുരോഗതിയാണെന്നും അദ്ദേഹം വിലയിരുത്തി.
പനോരമ സ്റ്റുഡിയോയുമായുള്ള സഹകരണം, നടനെന്ന നിലയിലും നിർമാതാവെന്ന നിലയിലും അങ്ങേയറ്റം ആവേശകരമാണെന്ന് നിവിൻ പോളി. അവരുടെ കാഴ്ചപ്പാടും വ്യാപ്തിയും ഗുണനിലവാരമുള്ള സിനിമയോടുള്ള പ്രതിബദ്ധതയും, താൻ ഭാഗമാകാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥകളുമായി തികച്ചും യോജിക്കുന്നു എന്നും നിവിൻ.