
ഹൈദരാബാദ്: നരഹത്യ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നടൻ അല്ലു അർജുന് പൊലീസ് നോട്ടിസ്. ചൊവാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടിസ് അയച്ചത്. കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹൈക്കോടതി അല്ലു അർജുൻ ജാമ്യം നൽകിയിരുന്നു.
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരുക്കേൽക്കുകയും ചികിത്സ‍്യയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തിരുന്നു. പിന്നാലെ അല്ലു അർജുനെ വീട്ടിലെത്തി പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നാലെ ജാമ്യം ലഭിച്ച് അദ്ദേഹം പുറത്തിറങ്ങുകയും ചെയ്തിരുന്നു. തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിനു തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്‍റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്.