അമ്പരപ്പിക്കാൻ ചിദംബരം, നിഗൂഢത നിറച്ച് 'ബാലൻ'; ട്രെയിലർ പുറത്ത്

ഒരു അമ്മയുടേയും മകന്‍റേയും ജീവിതമാണ് ചിത്രം പറയുന്നത്

സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ- ദി ബോയ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. ഒരു അമ്മയുടേയും മകന്‍റേയും ജീവിതമാണ് ചിത്രം പറയുന്നത്. ഏറെ നിഗൂഢത നിറച്ചുകൊണ്ടുള്ള ട്രെയിലർ പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്നതാണ്.

പല പേരിൽ പല വേഷത്തിൽ പല സ്ഥലങ്ങളിൽ ജീവിക്കുന്ന ഒരു അമ്മയും മകനേയുമാണ് ട്രെയിലറിൽ കാണിക്കുന്നത്. ഇവരെ അന്വേഷിച്ചുവരുന്ന പൊലീസുകാരേയും കാണാം. അമ്മയുടേയും മകന്‍റേയും സ്നേഹവും അതിജീവനവുമാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിദംബരവും തിരക്കഥാകൃത്ത് ജീത്തു മാധവനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സുഷിൻ ശ്യാമാണ് സംഗീതം.

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖ താരങ്ങൾ ചേർന്ന് ഒന്നിലധികം ഭാഷകളിലാണ് ബാലന്‍റെ ട്രെയിലർ പുറത്തിറക്കിയത്. അജയ് ദേവ്ഗൺ, സൂര്യ, നാഗ ചൈതന്യ, രാജ് ബി. ഷെട്ടി എന്നിവർ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ട്രെയിലർ റിലീസ് ചെയ്തു. കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com