ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖർ സൽമാന്‍റെ വാഹനങ്ങള്‍ പിടിച്ചെടുത്തു

വ്യവസായികളുടെ അടക്കം 30 ഇടങ്ങളില്‍ പരിശോധന
Operation Numkhor Dulquer salmaan vehicles seized

ദുല്‍ഖർ സൽമാൻ

Updated on

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള നിരവധി ആഢംബര വാഹനങ്ങള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ 'ഓപ്പറേഷന്‍ നുംഖോർ' എന്ന പരിശോധനയുടെ ഭാഗമായി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ മലയാള നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖറിന്‍റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമേ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി.

ഭൂട്ടാനില്‍ നിന്ന് കാറുകള്‍ ഇന്ത്യയില്‍ എത്തിയെന്ന ഇന്‍റലിജന്‍സ്‌ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. കേരളത്തിൽ 5 ജില്ലകളിലായി 30 ഇടങ്ങളിലാണു പരിശോധന നടന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 4 ഷോറൂമുകളിലും 3 വീടുകളിലുമാണ് പരിശോധന നടത്തിയത്.

നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും ദുൽഖറിന്‍റെ പിതാവായ മമ്മൂട്ടിയുടെ പഴയ വീടിന്‍റെ ഗാരേജിലും പരിശോധന നടത്തി. പൃഥ്വിരാജിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ മടങ്ങിപ്പോയി. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്‍റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിച്ച് നികുതി വെട്ടിച്ച് വിൽപ്പന നടത്തുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇത്തരത്തിൽ 198 ഓളം കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചെന്നാണ് കസ്റ്റംസിന് വിവരം. ഇതിൽ 20 എണ്ണം കേരളത്തിലാണെന്നും കസ്റ്റംസിന്‍റെ നിഗമനം. ഭൂട്ടാനില്‍ സൈന്യം ലേലം ചെയ്ത എസ്‌യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയുമായിരുന്നു. കേരളത്തിലെ സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഈ വാഹനങ്ങള്‍ വാങ്ങിയെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

ഭൂട്ടാനിൽ നിന്നു കൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നു എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. വിദേശത്തു നിന്ന് വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ വൻ നികുതി ഇളവുകളുണ്ട്. അവ വ്യാജ മേൽവിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യും. പിന്നീട് ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്യും.

അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി ഇന്ത്യയിൽ ഏജന്‍റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്‍റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപയോക്താക്കളെ കണ്ടെത്തിയത്. സംസ്ഥാനത്തെ വിവിധ കാർ ഷോറൂമുകളിലും കസ്റ്റംസ് മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചു പരിശോധന നടത്തുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com