

ഒരു ദുരൂഹ സാഹചര്യത്തിൽ, മധുവിധു ഒടിടിയിലേക്ക്; എന്ന്, എപ്പോൾ, എവിടെ കാണാം!
തിയെറ്ററിൽ മിസ്സായവരും വീണ്ടും കാണാനാഗ്രഹിക്കുന്നവരും സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്നവരാവും അല്ലെ. തിയെറ്റർ റിലീസ് പോലെ തന്നെ ഇപ്പോൾ ഒടിടി റിലീസും ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ മികച്ച 2 സിനിമകളുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഒരു ദുരൂഹസാഹചര്യത്തിൽ എന്ന സിനിമയും ഷറഫുദ്ദീന്‍റെ മധുവിധുവുമാണ് പുതിയ ഒടിടി റിലീസുകൾ.
കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഒരു ദുരൂഹസാഹചര്യത്തിൽ എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മേയ് 15 നാണ് ചിത്രം ഒടിടിയിലെത്തുക. നെറ്റിഫ്ലിക്സാണ് ചിത്രത്തിന്‍റെ പ്രദർശനാനുമതി നേടിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന് പുറമേ ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്‍ണൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മാജിക് ഫ്രെയിംസും ഉദയ പിക്‌ച്ചേഴ്സും ആദ്യമായി ഒന്നിച്ച് നിർമിച്ച ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.
തിയെറ്ററിൽ ചിരി നിറച്ച് മികച്ച പ്രതികരണം നേടിയ ഷറഫുദ്ദീൻ ചിത്രം മധുവിധുവിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മേയ് 22 മുതലാണ് ചിത്രം ഒടിടിയിലെത്തുന്നത്. സോണിലിവിലാണ് ചിത്രം ലഭിക്കുക.
നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കറാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ബിബിൻ മോഹനൻ, അസീസ് നെടുമങ്ങാട്, ശ്രീജയ എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്.