ചിരിയും ചിന്തയുമായി മാർത്താണ്ഡന്‍റെ 'ഓട്ടംതുള്ളൽ'; താരനിരയുമായി സെക്കൻഡ് ലുക്ക് പോസ്റ്റർ

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന 'ഓട്ടംതുള്ളൽ' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണൻ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ വായിക്കാം.
Ottamthullal Movie News

ഓട്ടംതുള്ളൻ സെക്കൻഡ് ലുക്ക് പോസ്റ്റർ.

Updated on

കൊച്ചി: 'പാവാട', 'അച്ഛാ ദിൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഓട്ടംതുള്ളൽ' റിലീസിന് തയാറെടുക്കുന്നു. ചിത്രത്തിന്‍റെ കൗതുകമുണർത്തുന്ന സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ആദ്യ പോസ്റ്ററിലെന്നപോലെ സെക്കൻഡ് ലുക്ക് പോസ്റ്ററിലും ചിത്രത്തിലെ ഭൂരിഭാഗം അഭിനേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യത്യസ്തമായ ഡിസൈനാണ് സ്വീകരിച്ചിരിക്കുന്നത്. സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യമുണ്ടെന്ന സൂചനയാണ് ഈ പോസ്റ്ററുകൾ നൽകുന്നത്. ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ജി.കെ.എസ്. പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ്.

ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ ഒരു കുടുംബത്തിന്‍റെ കഥ എന്നതിലുപരി, ആ നാടിന്‍റെ തന്നെ പ്രശ്നങ്ങളിലേക്ക് ചിത്രം വിരൽ ചൂണ്ടുന്നു. തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുമെങ്കിലും ഗൗരവമേറിയ ഒരു വിഷയം കൂടി സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്:

വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ് കെ.യു., ബിനു ശിവറാം, കുട്ടി അഖിൽ, ബിപിൻ ചന്ദ്രൻ, പൗളി വത്സൻ, സേതുലക്ഷ്മി തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ബിബിൻ ജോർജ് സുപ്രധാന വേഷം കൈകാര്യം ചെയ്യുമ്പോൾ, സംവിധായകരായ ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, പ്രിയനന്ദൻ എന്നിവരും അഭിനേതാക്കളായെത്തുന്നു.

ബിനു ശശിറാമിന്‍റേതാണ് തിരക്കഥ. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ രാഹുൽ രാജ് ആണ് ഈണങ്ങൾ ഒരുക്കുന്നത്. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവർ വരികൾ കുറിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com