"അച്ഛനും അമ്മയ്ക്കുമൊപ്പം പോകുമ്പോൾ അയാൾ എന്‍റെ മാറത്തടിച്ചു, ലിഫ്റ്റിൽവെച്ച് ഒരാളെ തല്ലിയിട്ടുണ്ട്": പാർവതി തിരുവോത്ത്

വഴിയിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കൈകളിലേക്ക് ശ്രദ്ധിക്കണമെന്ന് തന്‍റെ അമ്മ പറഞ്ഞുതരുമായിരുന്നുവെന്നും പാർവതി
parvathy thiruvothu about sexual abuse

പാർവതി തിരുവോത്ത്

Updated on

കുട്ടിക്കാലത്തും കൗമാരകാലത്തും അനുഭവിക്കേണ്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം നിൽക്കുമ്പോൾ ഒരാൾ തന്‍റെ മാറത്ത് തല്ലിയിട്ട് ഓടിപ്പോ‍യിട്ടുണ്ടെന്നും അത് തന്നെ മാനസികമായി വിഷമിപ്പിച്ചു എന്നുമാണ് നടി പറഞ്ഞത്. വഴിയിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കൈകളിലേക്ക് ശ്രദ്ധിക്കണമെന്ന് തന്‍റെ അമ്മ പറഞ്ഞുതരുമായിരുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു. ഹൗട്ടർ ബ്ലൈക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

ഒരിക്കൽ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു സംഭവമുണ്ടായി. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാന്‍ നിന്നത്. ആരോ വന്ന് മാറില്‍ അടിച്ചിട്ട് പോയി, തൊടുക പോലുമായിരുന്നില്ല, അടിക്കുകയായിരുന്നു. അന്ന് ഞാന്‍ ഒരു കുട്ടിയാണ്. നല്ല വിഷമമായിരുന്നു. വഴിയിലൂടെ നടക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞുതരുമായിരുന്നു, പുരുഷന്മാരുടെ കയ്യിലേക്ക് നോക്കി നടക്കണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഒരു അമ്മ തന്‍റെ പെണ്‍കുട്ടിയെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കേണ്ട ഒരു സാഹചര്യം ഓര്‍ത്തുനോക്കൂ. - പാർവതി പറഞ്ഞു.

കുട്ടിക്കാലത്ത് നഗ്നത പ്രദർശനത്തിന് ഇരയായിട്ടുണ്ടെന്നും ആ സമയത്ത് എന്താണ് നടക്കുന്നത് എന്ന് മനസിലായിരുന്നില്ല എന്നാണ് പാർവതി പറഞ്ഞത്. 17ാം വയസ്സിൽ തനിക്ക് ക്രഷ് ഉണ്ടായിരുന്ന ഒരാളിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും പാർവതി വെളിപ്പെടുത്തി. ലിഫ്റ്റിൽ വച്ച് തനിക്ക് നേരിട്ട മോശം അനുഭവത്തേക്കുറിച്ചും താരം തുറന്നു പറഞ്ഞു.

ഞാൻ ഒരു ലിഫ്റ്റിലായിരുന്നു. എന്റെ പിന്നിൽ നിന്ന ഒരാൾ എന്നിലേക്ക് ചേർന്നുനിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അയാളുടെ സ്പർശനം എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാൻ അയാളുടെ കരണത്തടിച്ചു. ‘നിങ്ങൾ എന്താണ് ഈ ചെയ്തത്?' എന്ന് ഞാൻ ചോദിച്ചു. സെക്യൂരിറ്റി വന്നു, പക്ഷേ ആ മാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. പൊലീസിനെ വിളിച്ചു. പക്ഷേ പൊലീസുകാർ പോലും പറഞ്ഞത്, 'നീ ഒരു തല്ല് കൊടുത്തല്ലോ, ഇനി ഇത് വിട്ടേക്ക്' എന്നാണ്. അപ്പോഴാണ് ഈ നാട്ടിലെ നീതി എന്നാൽ എന്താണെന്ന് എനിക്ക് മനസ്സിലായത്. ഒടുവിൽ അയാൾ എന്റെ കാലിൽ വീണു പറഞ്ഞു, ‘എനിക്ക് ഇപ്പോൾ ഗൾഫിൽ ജോലി കിട്ടിയതാണ്, എന്റെ കല്യാണം നടക്കാൻ പോവുകയാണ്’ എന്നൊക്കെ. ഒരു ലിഫ്റ്റിൽ പോലും സ്വന്തം കാമത്തെ നിയന്ത്രിക്കാൻ കഴിയാത്ത ആളാണ് ഈ പറയുന്നത്! ഞാൻ അയാളെ തല്ലിയപ്പോൾ എല്ലാവരും എന്നെ അഭിനന്ദിച്ചു. പക്ഷേ എനിക്കതൊരു വലിയ നേട്ടമായി തോന്നിയില്ല. സ്വയം സംരക്ഷിക്കേണ്ടി വരുന്നത് ഒരു വലിയ കാര്യമല്ല.- പാർവതി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com