

'ഇതാണോ നീതി, ഇപ്പോൾ കാണുന്നത് ക്രൂരമായ തിരക്കഥ': രൂക്ഷ പ്രതികരണവുമായി പാർവതി
നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇതാണോ നീതി എന്നാണ് പാർവതി ചോദിച്ചത്. ഇപ്പോൾ നമ്മൾ കാണുന്നത് ക്രൂരമായ ഒരു തിരക്കഥയാണെന്നും നടി കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെയായിരുന്നു നടിയുടെ പ്രതികരണം. 'അവൾക്കൊപ്പം എന്നെന്നും' എന്ന കുറിപ്പാണ് നടി ആദ്യം പങ്കുവെച്ചത്. പൾസർ സുനി ഉൾപ്പടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന കോടതി വിധിയുടെ വാർത്ത പങ്കുവച്ചുകൊണ്ട് ‘എന്താണ് നീതി? ഇപ്പോൾ വളരെ ക്രൂരമായി, ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥ പുറത്തുവരുന്നതാണ് നമ്മൾ ഇപ്പോൾ കാണുന്നത്. - എന്നും പാർവതി കുറിച്ചു.
വിധി വരുന്നതിന് മുൻപായി നടിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയും പാർവതി പങ്കുവെച്ചിരുന്നു. ‘‘ദൈവം ഉണ്ടെങ്കിൽ, അത് തെളിയിക്കാൻ ഇന്നൊരു നല്ല ദിവസമാണ്. അല്ലെങ്കിൽ മനുഷ്യത്വത്തിന്റെ പേരിലെങ്കിലും’’ എന്നാണ് പാർവതി കുറിച്ചത്.
നടിയായ അതിജീവിതയെ ഓടുന്ന കാറിൽ ആക്രമിച്ച സംഭവത്തിൽ എട്ടു വർഷത്തിനു ശേഷമാണ് വിധി വന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികൾക്ക് എതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ഇവരുടെ ശിക്ഷാവിധി ഡിസംബർ 12-ന് പ്രഖ്യാപിക്കും. അതേസമയം, കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെവിട്ടു.