

ജിടിഎ 6 നെതിരേ രൂക്ഷവിമർശനവുമായി പാർവതി തിരുവോത്ത്
വിനോദങ്ങളിലും വീഡിയോ ഗെയിമുകളിലുമടക്കം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയെ രൂക്ഷമായി വിമർശിച്ച് നടി പാർവതി തിരുവോത്ത്. ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (GTA 6) എന്ന വീഡിയോ ഗെയിമിനെതിരേ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പാർവതിയുടെ പ്രതികരണം.
മുൻപത്തെ GTA ഗെയിമുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സാധാരണമായിരുന്നെങ്കിൽ, പുതിയ പതിപ്പായ GTA 6-ൽ അത്തരം പ്രവൃത്തികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരേ ചില കോണുകളിൽ നിന്ന് "പുരുഷത്വം നഷ്ടപ്പെടുന്നു" എന്ന പരാമർശങ്ങൾ ഉയർന്നു വന്നു. ഇതെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നത്.
ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്റർ നാദിയ കാർലിയയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സാധാരണ വത്കരിക്കുകയും സ്ത്രീകളെ പിന്തുണയ്ക്കുകയും പരിഗണിക്കുകയും ചെയ്യുന്ന രീതിയെ ഫെമിനിസ്റ്റ് പ്രചരണമെന്നും പുരുഷത്വം നഷ്ടപ്പെടുന്നുവെന്നും മുറവിളികൂട്ടുന്ന ഇരട്ടത്താപ്പ് നയത്തിനെതിരേയാണ് പാർവതി പ്രതികരിച്ചത്.
"ജിടിഎ 6-ന് ചുറ്റുമുള്ള വിമർശനങ്ങൾ എല്ലാം വ്യക്തമാക്കുന്നുണ്ട്. നമ്മുടെ വിനോദമാധ്യമങ്ങളിൽ സ്ത്രീകൾകെതിരെയുള്ള അതിക്രമങ്ങൾ അത്രയേറെ ആഴത്തിൽ വേരൂന്നിക്കഴിഞ്ഞു, അതുകൊണ്ട് തന്നെ ആളുകൾ അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാറേയില്ല. എന്നാൽ ഒരു വിഡിയോ ഗെയിമിൽ സ്ത്രീകളെ ബഹുമാനിക്കുന്നതോ, സംരക്ഷിക്കുന്നതോ, തുല്യരായി കാണുന്നതോ കാണിച്ചാൽ പെട്ടെന്ന് എല്ലാവരും 'ഫെമിനിസ്റ്റ് പ്രചാരണം' എന്ന് പറഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങും. ഈ രീതി ശരിക്കും അതിശയിപ്പിക്കുന്നതാണ്. അങ്ങേയറ്റം മോശം തന്നെ." എന്ന നാദിയ കാർലിയയുടെ കുറിപ്പാണ് പാർവതി പങ്കുവച്ചത്.
നർത്തകി ഹരിണി നീലകണ്ഠനുമായുള്ള ചാറ്റും പാർവതി പുറത്തുവിട്ടിട്ടുണ്ട്. മറ്റ് GTA ഗെയിമുകളിലെ സ്ത്രീകൾക്കെതിരെയുള്ള ഭീകരമായ അക്രമങ്ങളുമായി അവർ അത്രയേറെ പൊരുത്തപ്പെട്ടുപോയിരിക്കുന്നു. അതിനാൽ തന്നെ ഈ ഗെയിമിൽ അത് ചെയ്യാൻ അനുവദിക്കാത്തതിനെ പോലും പുരുഷത്വം നഷ്ടപ്പെടുത്തുന്നതായിട്ടാണ് അവർ കാണുന്നത് എന്നാതാണ് വളരെ മോശമായിട്ടുള്ള കാര്യമെന്നാണ് ഹരിണി പറയുന്നത്. ശരിക്കും നാം ഇതെല്ലാം അനുഭവിച്ച് മടുത്തുവെന്നും ഹരിണി പാർവതിക്കയച്ച മെസേജിൽ പറയുന്നു.