

നാനാ പടേക്കർ
അഭിനയ മികവിലൂടെ അമ്പരപ്പിക്കുന്ന നടനാണ് നാനാ പടേക്കർ. അതിനൊപ്പം തന്നെ താരത്തിന്‍റെ ദേഷ്യവും വലിയ വാർത്തയാകാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് പ്രമുഖ തിരക്കഥാകൃത്തും നോവലിസ്റ്റും നടനുമായ രൺബീർ പുഷ്പ് നാനാ പടേക്കറേക്കുറിച്ച് പറഞ്ഞ വാക്കുകളാണ്. കർഷകർക്കു വേണ്ടി 1.5 കോടിയുടെ കാർ വാങ്ങാനുള്ള തീരുമാനം നാന പടേക്കർ മാറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്.
കർഷകർ ആത്മഹത്യ ചെയ്ത വാർത്ത കണ്ട് ഹൃദയം തകർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്. കാർ വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ച് ആ പണം കർഷകർക്ക് വീതിച്ചുകൊടുത്തു എന്നാണ് രൺബീർ പറയുന്നത്. സിദ്ധാർഥ് കണ്ണനു നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ.
ഒരു ദിവസം വാർത്ത കാണുകയായിരുന്നു അദ്ദേഹം. കർഷക ആത്മഹത്യയിൽ അവരുടെ കുടുംബങ്ങൾ വേദനിക്കുന്നത് അദ്ദേഹം കണ്ടു. അടുത്ത ദിവസം 1.5 കോടിയുടെ കാർ വാങ്ങാനിരിക്കുകയായിരുന്നു. അതിനു പകരമായി തന്‍റെ സുഹൃത്തിനെ വിളിച്ച് ആ പണം 15,000 രൂപയുടെ ചെക്കാക്കി കർഷക കുടുംബങ്ങളിലേക്ക് അയച്ചുകൊടുക്കാൻ അദ്ദേഹം പറഞ്ഞു. കർഷകരുടെ കണ്ണീരൊപ്പിയ ഒരാൾക്ക് ആരെയും ഉപദ്രവിക്കാനാവില്ല.- അദ്ദേഹം കൂട്ടിച്ചേർത്തു.