
റിലീസ് ചെയ്തതു മുതൽ പ്രേക്ഷകപ്രീതിയുടെ കൊടുമുടികൾ താണ്ടിയ ചിത്രമാണു പത്താൻ. എക്കാലത്തെയും നമ്പർ വൺ ഹിന്ദി ചിത്രമെന്ന നിലയിൽ നിരവധി റെക്കോഡുകൾ ഈ ഷാരൂഖ് ചിത്രം എഴുതിച്ചേർത്തു കഴിഞ്ഞു. ആഗോളതലത്തിൽ ആയിരം കോടിയുടെ നേട്ടം കൈവരിച്ച പത്താൻ ഷാരൂഖിന്‍റെ തിരിച്ചു വരവ് ചിത്രം കൂടിയാണ്.
ദീപിക പദുക്കോൺ നായികയും ജോൺ എബ്രഹാം പ്രതിനായകനുമായ ചിത്രത്തിന്‍റെ ഇന്ത്യയിലെ മാത്രം ബോക്സോഫീസ് കലക്ഷൻ 641.50 കോടി രൂപയാണ്. ആഗോളതലത്തിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമൊരുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നു പറയുന്നു സംവിധായകൻ സിദ്ധാർഥ് ആനന്ദ്. ഹിന്ദിയിലെ നമ്പർ വൺ ചിത്രമായി പത്താൻ മാറിയതിൽ എല്ലാ പ്രേക്ഷകരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്താന് മുമ്പ് ആയിരം കോടി ക്ലബ്ബിൽ കടന്ന ഇന്ത്യൻ സിനിമകൾ ദംഗൽ, ബാഹുബലി 2, ആർആർആർ, കെജിഎഫ് 2 എന്നിവയാണ്. യഷ് രാജ് ഫിലിംസ് നിർമിച്ച പത്താൻ സ്പൈ ആക്ഷൻ ത്രില്ലറാണ്.