
'പേട്രിയറ്റി'ന്‍റെ ഷൂട്ടിങ് ഇനി യുകെയിൽ; യുകെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണം
ലണ്ടൻ: മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പേട്രിയറ്റി'ന്‍റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ മമ്മൂട്ടി യുകെയിലെത്തി. കുടുംബത്തോടൊപ്പം എത്തിയ അദ്ദേഹത്തെ ചിത്രത്തിന്‍റെ പ്രധാന നിർമാതാവും അടുത്ത സുഹൃത്തുമായ അഡ്വ. സുഭാഷ് ജോർജ് മാനുവൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്‍റെ ഉടമയും 'ധോണി ആപ്പ്' സ്ഥാപകനുമാണ് സുഭാഷ്.
കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ സിഗ്നേച്ചർ നിറമായ നീലയിലുള്ള ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സ്, റോൾസ് റോയ്സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് താരവും സംഘവും ലണ്ടനിലെ താമസസ്ഥലത്തേക്ക് യാത്ര തിരിച്ചത്. ഏതാനും ദിവസങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം ഈ വാരാന്ത്യത്തോടെ അദ്ദേഹം ചിത്രീകരണത്തിൽ പങ്കുചേരും.
യുകെയിൽ എത്തിയതിന് പിന്നാലെ ഒരു സൗഹൃദ സംഗമത്തിനും ലണ്ടൻ വേദിയായി. നിർമാതാവ് അഡ്വ. സുഭാഷ് ജോർജ് മാനുവലിന്‍റെ ജന്മദിനം മമ്മൂട്ടിയുടെ ലണ്ടനിലെ അപ്പാർട്ട്മെന്‍റിൽ വച്ച് ആഘോഷിച്ചു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ഇരുവരും ചേർന്ന് കേക്ക് മുറിച്ച് ഓർമ്മകൾ പങ്കുവെച്ചു.
മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രീകരണത്തിനായുള്ള അവസാനഘട്ട തയാറെടുപ്പുകൾ പൂർത്തിയാക്കാൻ സംവിധായകനും മറ്റ് അണിയറ പ്രവർത്തകരും കഴിഞ്ഞയാഴ്ച തന്നെ യുകെയിൽ എത്തിയിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് സിനിമ കണക്കാക്കപ്പെടുന്നത്.
നൂറ് കോടിയിലധികം മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നത് പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. പേട്രിയറ്റ് മലയാള സിനിമയ്ക്ക് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിനിമാ ലോകം.