അഭിനയ ജീവിതത്തിൽ അര നൂറ്റാണ്ട് പിന്നിട്ട് പൗളി വത്സന്‍

മികച്ച സഹനടിക്കും ഡബ്ബിങ് ആർട്ടിസ്റ്റിനുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുള്ള പൗളി വത്സൻ അഭിനയജീവിതത്തിന്‍റെ അമ്പത്തൊന്നാം വർഷത്തിലേക്കു കടക്കുമ്പോൾ ജന്മനാട് ആദരമൊരുക്കുന്നു...
അഭിനയ ജീവിതത്തിൽ അര നൂറ്റാണ്ട് പിന്നിട്ട് പൗളി വത്സന്‍ | Pauly Valsan 50 years of acting

1975ൽ നാടകവേദിയിലൂടെ അഭിനയരംഗത്തെത്തിയ പൗളി വൽസൻ 2008ലാണ് സിനിമയിൽ അരങ്ങേറിയത്.

Updated on
Summary

1975ൽ പി.ജെ. ആന്‍റണിയുടെ നാടകക്കളരിയില്‍ തുടങ്ങി രാജന്‍ പി. ദേവ്, സേവ്യര്‍ പുല്‍പ്പാട്, കുയിലന്‍, ആലുമ്മൂടന്‍, സലിംകുമാര്‍ എന്നിവരുടെ ട്രൂപ്പുകളിലായി നൂറുകണക്കിനു നാടകങ്ങളില്‍ വേഷമിട്ട പൗളി വത്സൻ, അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. മികച്ച സഹനടിക്കും ഡബ്ബിങ് ആർട്ടിസ്റ്റിനുമുള്ള സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുള്ള ഈ കലാകാരി അഭിനയജീവിതത്തിൽ അര നൂറ്റാണ്ട് പിന്നിട്ട വേളയിൽ ജന്മനാട് ആദരമൊരുക്കുന്നു...

കൊച്ചി: അഭിനയ ജീവിതത്തിന്‍റെ 51ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പൗളി വത്സനെ ആദരിക്കാനൊരുങ്ങുകയാണ് ജന്മനാട്. ഓഗസ്റ്റ് 24ന് വൈകിട്ട് അഞ്ചിന് വൈപ്പിന്‍ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പള്ളിക്കു സമീപമുള്ള വേദിയിലാണ് ചടങ്ങ്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സിപ്പി പള്ളിപ്പുറം തുടങ്ങി കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈപ്പിനിലുള്ള ജയദര്‍ശന്‍ മ്യൂസിക്കല്‍ അക്കാദമിയുടെയും വിവിധ കലാസംഘടനകളുടെയും നേതൃത്വത്തിലാണു ചടങ്ങ് സംഘടിപ്പിക്കുന്നത്.

1975ല്‍ ഫണ്ടമെന്‍റല്‍ എന്ന നാടകത്തിലൂടെയാണ് പൗളി വത്സന്‍ പ്രൊഫഷണല്‍ നാടകവേദിയിലേക്കെത്തുന്നത്. പി.ജെ. ആന്‍റണിയുടെ നാടകക്കളരിയില്‍ തുടങ്ങി രാജന്‍ പി. ദേവ്, സേവ്യര്‍ പുല്‍പ്പാട്, കുയിലന്‍, ആലുമ്മൂടന്‍, സലിംകുമാര്‍ എന്നിവരുടെ ട്രൂപ്പുകളിലായി നൂറുകണക്കിനു നാടകങ്ങളില്‍ വേഷമിട്ടു.

2008ല്‍ മമ്മൂട്ടി നായകനായ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കും കടന്നുവന്നു. ഈ.മ.യൗ, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിന് 2017ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. സൗദി വെള്ളക്ക എന്ന ചിത്രത്തില്‍ ശബ്ദം നല്‍കിയതിനു 2022ൽ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന അവാര്‍ഡും പൗളി വത്സനു ലഭിച്ചു.

മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള പൗളി വത്സന്‍ ഹാസ്യ പ്രധാനമായ വേഷങ്ങളാണു കൂടുതലും കൈകാര്യം ചെയ്തിട്ടുള്ളത്. എന്നാല്‍ 'അപ്പന്‍' എന്ന സിനിമയിലെ കുട്ടിയമ്മ എന്ന ഗൗരവമുള്ള കഥാപാത്രം വേറിട്ടു നില്‍ക്കുന്നു.

ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഇതിനോടകം 98 സിനിമകളില്‍ അഭിനയിച്ചു. ഇതുവരെ അന്യഭാഷാ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഈയടുത്ത കാലത്ത് ഹിന്ദി സിനിമയിലേക്ക് ഒരു ഓഫര്‍ വന്നിട്ടുണ്ട്. അഭിനയ ജീവിതത്തിലെ അമ്പത്തൊന്നാം വർഷത്തിൽ അതിന്‍റെ ചര്‍ച്ചകളുടെ കൂടി തിരക്കിലാണ് പൗളി വത്സൻ.

വൈപ്പിനിലെ വളപ്പിലാണു പൗളി വത്സന്‍ താമസിക്കുന്നത്. ഭര്‍ത്താവ് വത്സന്‍ 2021ല്‍ മരിച്ചു. യേശുദാസ്, ആദര്‍ശ് എന്നിവരാണ് മക്കള്‍. ആദര്‍ശ് സംഗീത അധ്യാപകനും ഗായകനുമാണ്. മരുമകൾ ജിനി യേശുദാസ്. ചെറുമകൻ അന്‍റോണിയോ ജോൺ ഹാരിഷ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com