
തകർപ്പൻ മാസ് പ്രകടനവുമായി പവൻ കല്യാണും ഇമ്രാൻ ഹാഷ്മിയും; അഞ്ച് ഭാഷകളിലായി 'ഒ ജി’ റിലീസ്
തെലുങ്ക് സൂപ്പർ താരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്‍റർടെയ്നർ 'ഒജി' (ദേ കോള്‍ ഹിം ഓജി) തീയേറ്റർ റിലീസായി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിൽ ടൈറ്റില്‍ വേഷത്തില്‍ 'ഒജാസ് ഗംഭീര' എന്ന 'ഒജിയായ' പവൻ കല്യാണും, നെഗറ്റീവ് റോളിൽ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്‍മിയും തകർപ്പൻ മാസ് പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആർആർആർ നിർമിച്ച ഡിവിവി എന്‍റര്‍ടെയ്‍ൻമെന്‍റിന്‍റെ ബാനറിൽ ഡി.വി.വി. ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രഭാസ് നായകനായ പാൻ ഇന്ത്യൻ ചിത്രം സാഹോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് സുജീത്. റിലീസിനുമുന്നേ അഡ്വാൻസ് ബുക്കിങിലൂടെ 50 കോടി ഇതിനകം ഒജി നേടിക്കഴിഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയാകുകയും ചെയ്‍തതോടെ ചിത്രം വൈകി. എന്തായാലും ഒജി റിലീസായിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റാണ് ഒജിക്ക് ലഭിച്ചിരിക്കുന്നത്.
പ്രിയങ്ക മോഹൻ നായികയായി എത്തുന്ന ചിത്രത്തിൽ പ്രകാശ് രാജും, അര്‍ജുൻ ദാസും, ശ്രിയ റെഡിയും, ഹരിഷ് ഉത്തമനും അഭിനയിക്കുന്നു. രവി കെ ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. തെലുങ്ക് ഭാഷക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. നവീൻ നൂലി എഡിറ്റിങ്, എ.എസ്. പ്രകാശ് പ്രൊഡക്ഷൻ ഡിസൈൻ. തമനാണ് സംഗീതം. ചിത്രത്തിന്‍റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഹരീഷ് പൈയാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശ്വിൻ മണിയും. പി.ശിവപ്രസാദാണ്.