നിവിന് 'ഹാപ്പി ന്യൂയർ'; ആദ്യ 100 കോടി ചിത്രമായി 'സർവ്വം മായ', നേട്ടം 10 ദിവസത്തിൽ
10 ദിവസത്തിൽ 100 കോടി കളക്ഷൻ നേടി നിവിൻ പോളി നായകനായി എത്തിയ സർവ്വം മായ. താരത്തിന്‍റെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമാണ് ഇത്. നിവിൻ പോളി തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ആഗോള കളക്ഷനിൽ 101 കോടി രൂപയാണ് ചിത്രം ഇതിനോടകം നേടിയത്.
ഹൊറർ കോമഡിയായി എത്തിയ ചിത്രം ക്രിസ്മസ് റിലീസായാണ് തിയറ്ററിൽ എത്തിയത്. റിലീസ് ദിവസം മുതൽ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അഖിൽ സത്യനാണ് ചിത്രം സംവിധാനം ചെയ്തത്. വലിയൊരിടവേളയ്ക്ക് ശേഷം നിവിന്റെ വമ്പൻ തിരിച്ചുവരവായാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ആഗോള കളക്ഷൻ റെക്കോർഡാണിത്. സാക്‌നിൽക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് മാത്രമായി 52.85 കോടി കളക്ഷനുണ്ട്. വിദേശത്ത് നിന്ന് 47.15 കോടിയും നേടി.
ആദ്യ ദിനത്തിൽ 3.35 കോടി നേടിയ ചിത്രം നാലാമത്തെ ദിവസമായപ്പോഴേക്കും 5.8 കോടി പ്രതിദിന കളക്ഷൻ നേടി. ഏഴാമത്തെ ദിവസം 3.5 കോടിയിലേക്ക് കളക്ഷൻ ഇടിഞ്ഞുവെങ്കിലും എട്ടാം ദിവസം 5.2 കോടിയായി ഉയർന്നു. പത്താമത്തെ ദിവസം 4.9 കോടിയുടെ കളക്ഷനും നേടി.