

അനന്ത് നാഗ്
2024ലെ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായ കന്നഡ താരമാണ് അനന്ത് നാഗ്. മലയാളം ഉൾപ്പടെ വിവിധ ഭാഷകളിലായി 250ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് അദ്ദേഹം. എന്നാലിപ്പോഴിതാ അഭിനയരംഗത്തു നിന്നും പിന്മാറിയതിന്‍റെ കാരണം വ‍്യക്തമാക്കിയിരിക്കുകയാണ് നടൻ.
മാധ‍്യമപ്രവർത്തകൻ ദീപക്ക് ബൊപ്പണ്ണയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനന്ത് നാഗ് മനസ് തുറന്നത്. ആരോഗ‍്യ സംബന്ധമായ കാരണങ്ങളാലല്ല എന്നാൽ മറിച്ച് തിരക്കഥകളുടെ നിലവാരത്തിലും ചിത്രങ്ങൾ നിർമിക്കപ്പെടുന്ന രീതിയിലും തനിക്ക് അതൃപ്തിയുണ്ടെന്നുമാണ്.
തിരക്കഥകളുടെ നിലവാരം മോശമായികൊണ്ടിരിക്കുന്നതായി തനിക്ക് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. 2021-22 കാലഘടത്തിൽ 5 ചിത്രങ്ങളിൽ പ്രവൃത്തിച്ച കാര‍്യം അദ്ദേഹം ഓർത്തെടുത്തു. അന്ന് ചിത്രത്തിന്‍റെ ഭാഗമായിരുന്ന യുവ ചലചിത്ര പ്രവർത്തകർക്ക് ആവശ‍്യമായ നിർദേശങ്ങൾ നൽകിയെങ്കിലും ചിത്രം പൂർത്തിയായപ്പോൾ പൂർണ സംതൃപ്തി ലഭിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്.
താൻ അവിടെയുണ്ടായിരുന്നപ്പോഴും ചിത്രീകരണ സമയത്തും തന്‍റെ ഭാഗങ്ങൾ തൃപ്തികരമായിരുന്നുവെന്നും എന്നാൽ അതിനു ശേഷം തന്‍റെ പിന്നിലെന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അതിന്‍റെ ഫലമായി ആ 5 ചിത്രങ്ങളും പരാജയപ്പെട്ടുവെന്ന് അനന്ത് നാഗ് കൂട്ടിച്ചേർത്തു.
ആ 5 സിനിമകളും പരാജയപ്പെട്ടു. ഇത്രയൊക്കെ മതി, ഇതെല്ലാം തുലയട്ടെ, ഇനി ഞാൻ ഒന്നും ചെയ്യുന്നില്ല. അതിനു ശേഷം അഭിനയം നിർത്തി. അദ്ദേഹം പറഞ്ഞു. 1,000 കോടി 2,000 കോടി എന്നിങ്ങനെ കൂറ്റൻ ബോക്സ് ഓഫിസ് കളക്ഷന് നൽകുന്ന അമിത പ്രാധാന‍്യത്തെയും അദ്ദേഹം ചോദ‍്യം ചെയ്തു.
നിർമാതാവിന്‍റെ സാമ്പത്തിക വിജയവും ചിത്രത്തിന്‍റെ ഗുണനിലവാരവുമായിരിക്കണം ചലചിത്ര നിർമാണത്തിന്‍റെ കേന്ദ്രബിന്ദുവായിരിക്കേണ്ടതെന്നു പറഞ്ഞ അദ്ദേഹം നിലവിലെ ചിത്രങ്ങളിലെ ഉള്ളടക്കം പ്രേക്ഷകർക്ക് കണ്ടിരിക്കാൻ പറ്റുമോയെന്ന് സംശയവും പ്രകടിപ്പിച്ചു. ഇനിയും ഒന്നിച്ച് പ്രവൃത്തിക്കാൻ ആഗ്രഹമുള്ള ഏതെന്തിലും സംവിധായകനുണ്ടോയെന്ന ചോദ‍്യത്തിന് അങ്ങനെയാരുമില്ലെന്നായിരുന്നു അനന്ത് നാഗിന്‍റെ മറുപടി. കരിയറിന്‍റെ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ താൻ തൃപ്തനല്ലെന്നാണ് അനന്ത് നാഗ് പറയുന്നത്.