വാർക്കപ്പണിക്കാരൻ പറയുന്നു, 'ഇതത്ര ചെറിയ പണിയല്ല ശ്രീനാഥ് ഭാസീ...'

സിനിമയില്ലെങ്കിൽ വാർക്കപ്പണിക്കു പോയാലും ജീവിക്കുമെന്ന നടൻ ശ്രീനാഥ് ഭാസിയുടെ പരാമർശത്തെക്കുറിച്ച് 'വാർക്കപ്പണിക്കാരൻ' എന്നവകാശപ്പെടുന്ന യുവാവ് എഴുതിയ ഫെയ്സ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
വാർക്കപ്പണിക്കാരൻ പറയുന്നു, 'ഇതത്ര ചെറിയ പണിയല്ല ശ്രീനാഥ് ഭാസീ...'

സിനിമയില്ലെങ്കിൽ വാർക്കപ്പണിക്കു പോയാലും ജീവിക്കുമെന്ന നടൻ ശ്രീനാഥ് ഭാസിയുടെ പരാമർശത്തെക്കുറിച്ച് 'വാർക്കപ്പണിക്കാരൻ' എന്നവകാശപ്പെടുന്ന യുവാവ് എഴുതിയ ഫെയ്സ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.

തൊഴിലിടത്തുനിന്നു പുറത്താക്കപ്പെടുന്ന ഏതൊരാൾക്കും വന്നു പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒരു സിമ്പിൾ പണിയല്ല ഇതെന്ന ഉപദേശവുമായാണ് തുടക്കം. തുടർന്ന് വാർക്കപ്പണിയുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള വിവരണമാണ്.

'' ഒരു 100 പായ്ക്കറ്റ് കോൺക്രീറ്റ് ആണെങ്കിൽ രാവിലെ ഏഴുമണിക്ക് എങ്കിലും നമ്മൾ സൈറ്റിൽ എത്തണം. "ചത്താലും ചത്തില്ലെങ്കിലും എട്ടുമണിക്ക് അടക്കിയിരിക്കും." എന്നു പറയുന്നതു പോലെയാണത്; മെഷീൻ സെറ്റ് ചെയ്തു എട്ടു മണിക്ക് പണി തുടങ്ങിയിരിക്കും. സിനിമയിലെ പോലെ നിങ്ങൾക്കായി ആരും കാത്തിരിക്കില്ല. നിങ്ങൾ വന്നില്ലെങ്കിൽ ഇന്ന് പണി പോകും എന്ന് മാത്രമല്ല, ചിലപ്പോൾ ഇനി ആ ടീമിന്‍റെ കൂടെ പണിയേ ഉണ്ടാവില്ല.

പണി തുടങ്ങി കഴിഞ്ഞാൽ, എന്‍റെ പൊന്നു ബ്രോ, **** പൊട്ടുന്ന ചൂടാണിപ്പോൾ. കുടപിടിച്ചു തരാനോ, പോർട്ടബിൾ ഫാൻ പിടിച്ചു തരാനോ ആരും ഉണ്ടാവില്ല. നൂറു പായ്ക്കറ്റ് സിമന്‍റിന്‍റെ കോൺക്രീറ്റ് ആണെങ്കിൽ 70 പായ്ക്കറ്റ് എങ്കിലും കഴിയണം കാപ്പി കുടിക്കാനായി ഒരു റസ്റ്റിന്. അപ്പോഴേക്കും 12 മണി എങ്കിലും ആകും. റെസ്റ്റ് എടുക്കാൻ കാരവാൻ ഒന്നുമില്ല ബ്രോ. ഏതെങ്കിലും മരത്തിന്‍റെ തണലിലിരുന്നു കാപ്പി കുടിച്ച് പത്തു മിനിറ്റിനുള്ളിൽ വീണ്ടും തുടങ്ങും പോരാട്ടം.

കോൺക്രീറ്റ് തീരാറാവുമ്പോഴേക്കും സിമന്‍റിന്‍റെ ചൂടുകൊണ്ട് കൈവെള്ളയും കാലിന്‍റെ അടിയുമൊക്കെ പൊട്ടി ചോര പൊടിയുന്ന പരുവമാകും. ജോലികഴിഞ്ഞ് എത്ര കഴുകിയാലും ഈ സിമന്‍റ് ശരീരത്തിൽ നിന്നു പോവില്ല. പിന്നെ കുറച്ച് വെളിച്ചെണ്ണയും വാരി തൂത്ത് ആഹാരം കഴിക്കുമ്പോഴേക്കും മൂന്നു മണി കഴിഞ്ഞിട്ടുണ്ടാകും. സാധാരണക്കാരന്‍റെ വീട്ടിലാണെങ്കിൽ ഇടയ്ക്കൊക്കെ ടാങ്ക് കലക്കിയ വെള്ളവും, കഞ്ഞിയും, ഊണും ഒരു 120 മില്ലി മദ്യവും കിട്ടും. വലിയ കൺസ്ട്രക്ഷൻ സൈറ്റിലാണെങ്കിൽ ഒരു ബിരിയാണിപ്പൊതിയിൽ ഒതുങ്ങും. സംഭവം വലിയ അന്തസ്സ് ആണെന്ന് ഞങ്ങൾ പറയുമെങ്കിലും കഷ്ടപ്പാടാണ് ബ്രോ.''

മാനുവൽ ദിൽക്കുഷ് (Manuel Dilkush) എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് അവസാനിപ്പിക്കുന്നത് സിനിമയിൽ തുടരാൻ ശ്രീനാഥ് ഭാസിയെ ഉപദേശിച്ചുകൊണ്ടാണ്:

''നിങ്ങളെപ്പോലെ ഒരു നടനെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ട് ബ്രോ. ഇവിടുത്തെ വാർക്കപ്പണിക്ക് ഞങ്ങളൊക്കെ ഉണ്ടെന്നേ... എല്ലാ തൊഴിലിലും നിയമങ്ങളുണ്ട്, അതിലുപരി ഉത്തരവാദിത്വങ്ങളുണ്ട് അതൊക്കെ പാലിച്ചു സിനിമയിൽ തന്നെ തുടരുക.''

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com