പ്രഭാസിന് 44: ആരാധകർക്ക് ആഘോഷം, ഇമോജിയുമായി സലാർ ടീം | Video

കെ.ജി.എഫ് സീരീസിന്‍റെ സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സലാര്‍ ആണ് ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം

ഇന്ത്യന്‍ സിനിമയിലെ റിബല്‍ സ്റ്റാര്‍ പ്രഭാസിന് 44ാം ജന്മദിനം. 'ബാഹുബലി' എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ തന്നെ വിസ്മയമായി തീർന്ന പ്രഭാസിന്‍റെ ആരാധകവൃന്ദം ലോകം മുഴുവന്‍ ആഘോഷത്തിലാണ്. പ്രഭാസിന്‍റെ അടുത്ത ബിഗ് ബജറ്റ് ചിത്രമായ സലാറിന്‍റെ അണിയറ പ്രവർത്തകർ അദ്ദേഹത്തിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ട്വിറ്ററില്‍ പ്രത്യേക ഇമോജിയും പുറത്തുവിട്ടു.

2021 ല്‍ യു.കെ ആസ്ഥാനമായുള്ള 'ഈസ്റ്റേൺ ഐ' എന്ന പ്രതിവാര പത്രം ലോകത്തിലെ ഒന്നാം നമ്പർ സൗത്ത് ഏഷ്യൻ സെലിബ്രിറ്റിയായി പ്രഭാസിനെ തെരഞ്ഞെടുത്തിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്‍റെ തെളിവുകൂടിയാണത്.

1979 ഒക്ടോബർ 23ന് മദ്രാസ്സിൽ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിന്‍റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി എന്ന പ്രഭാസ്. ഭീമവരത്തെ ഡി.എൻ.ആർ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്നാണ് ബി.ടെക് ബിരുദം നേടിയത്. ആറടി രണ്ടര ഇഞ്ച് പൊക്കക്കാരൻ വൈകാതെ സിനിമയിലെത്താൻ ഉള്ള മാർ​ഗങ്ങളും തേടി തുടങ്ങി. 2002 ലാണ് പ്രഭാസിന്‍റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി. പരന്‍ഞെ സംവിധാനം ചെയ്ത 'ഈശ്വർ' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് തന്‍റെ ആദ്യ ചുവടു വയ്ക്കുന്നത്. ശ്രീദേവി വിജയകുമാര്‍ ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. അവിടന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് വിസ്മയചിത്രം ബാഹുബലിയിലൂടെയാണ്.

'മിർച്ചി' എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്കാരമായ നന്ദി അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ 2014 ൽ ഇറങ്ങിയ 'ആക്ഷൻ ജാക്സൺ' എന്ന ബോളിവുഡ് സിനിമയിൽ അതിഥി വേഷത്തിലും താരം എത്തി. തെലുങ്ക് നടനായ കൃഷ്ണം രാജുവിന്‍റെ അനന്തിരവന്‍ കൂടിയാണ് പ്രഭാസ്.

19 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ 25 ലധികം സിനിമകളുടെ ഭാഗമാകാനെ പ്രഭാസിന് കഴിഞ്ഞുള്ളു. ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ ‘ആദിപുരുഷ്’ എന്ന സിനിമയാണ് പ്രഭാസിന്‍റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയത്.

വരുമാനത്തിന്‍റെ കാര്യത്തിൽ ഫോബ്‍സ് ഇന്ത്യയുടെ 100 സെലിബ്രിറ്റികളുടെ പട്ടികയിൽ നിരവധി തവണ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ് പ്രഭാസ്. 2002 ലായിരുന്നു കരിയറിന്‍റെ തുടക്കമെങ്കിലും പ്രഭാസ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് ഒന്നര പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ്. കരിയർ മാറ്റി മറിച്ച ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനെ തേടിയെത്തുന്നത് എല്ലാം തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളാണ്.

കെ.ജി.എഫ് സീരീസിന്‍റെ സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സലാര്‍ ആണ് ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം. ഡിസംബര്‍ 22 ന് റിലീസ് ചെയ്യുന്ന ‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ പ്രഭാസിന്‍റെ ആരാധകര്‍ക്കുള്ള ക്രിസ്മസ് സമ്മാനമായിരിക്കും. സലാറില്‍ പ്രതിനായക വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com