

മുംബൈ: വിവാഹത്തെയും പ്രണയത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും സൂപ്പർസ്റ്റാർ പ്രഭാസ് ഇതു വരെ പിടികൊടുത്തിരുന്നില്ല. ഒടുവിൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. തന്‍റെ വിവാഹം തിരുപ്പതി ക്ഷേത്രത്തിൽ വച്ചായിരിക്കുമെന്നാണ് താരത്തിന്‍റെ പ്രഖ്യാപനം.
പ്രഭാസ് ശ്രീ രാമനായെത്തുന്ന ആദിപുരുഷ് സിനിമയുടെ ഫൈനൽ ട്രെയിലർ ലോഞ്ചിനിടെയാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. ജൂൺ 16നാണ് ആദിപുരുഷ് തിയെറ്ററുകളിലെത്തുന്നത്. ചിത്രത്തിന്‍റെ റിലീസിനു മുന്നോടിയായി പ്രഭാസ് അടക്കമുള്ള താരങ്ങൾ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
സിനിമയിൽ സീതയായി എത്തുന്ന ബോളിവുഡ് താരം കൃതി സനോനുമായി പ്രഭാസ് ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. ബാഹുബലിയിലെ നായിക അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന ഗോസിപ്പുകളും ശക്തമായിരുന്നു. എന്നാൽ ഈ വാർത്തകളോടൊന്നും പ്രതികരിക്കാൻ പ്രഭാസ് തയാറായിട്ടില്ല.