
പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് മാനവികതയിലേക്ക് ജനതകളെ നയിച്ച അരങ്ങുകളിലേക്ക് മടങ്ങുകയെന്നത് പ്രധാനമാണെന്ന് നടന്‍ പ്രകാശ് രാജ്. തൃശൂരില്‍ ഇറ്റ്‌ഫോക്ക് ഉദ്ഘാടനവേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് മാറ്റങ്ങളും വിപ്ലവങ്ങളും സാധ്യമാക്കിയത് തിയറ്ററുകളാണ്. എന്നും ജനങ്ങളെ ശ്രവിക്കാനും ശ്രദ്ധിക്കാനും പഠിപ്പിച്ചത് നാടകങ്ങളാണ്. മാനവികതയ്ക്ക് ഒഴുകാന്‍ തിയറ്ററിനേക്കാള്‍ മികച്ച ഇടം വേറെയില്ല. ചരിത്രവും വാര്‍ത്തമാനവും ഭാവിയും കൂടിച്ചേര്‍ന്ന മനോഹര ഇടമാണ് തിയറ്ററെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസവും ഹിംസയും ജനതയെ ഒന്നിപ്പിച്ച ചരിത്രമില്ലെന്നും മാനവികതയ്ക്ക് മാത്രമേ ജനസമൂഹങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയൂ എന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. മാനവിക ബോധമാണ് മനുഷ്യനെ എന്നും ഒന്നിപ്പിച്ചത്. നാമിന്ന് കാണുന്ന ഹിംസയ്ക്കും അസംബന്ധങ്ങള്‍ക്കുമൊന്നും അധികകാലം നിലനില്‍ക്കാനാവില്ല. മാനവികതയ്ക്ക് മാത്രമാണ് നിലനില്‍പ്പുള്ളത്. അതാണ് ചരിത്രം, പ്രകാശ് രാജ് പറഞ്ഞു.