''ശ്രീനിവാസൻ പറഞ്ഞ പിടിച്ച് അകത്തിടേണ്ട ആൾദൈവം, വെള്ള പുതച്ച് സുനിൽസ്വാമി നിറഞ്ഞാടുന്നതു കണ്ടപ്പോൾ കരുതിയത് വിമലേച്ചിയുടെ ഇഷ്ടമെന്നാണ്''

തന്റെ സംസ്ക്കാരച്ചടങ്ങിൽ അതേ വ്യക്തി കാർമ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടൻ സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല
premlal about sunil swamy in sreenivasan's funeral

''ശ്രീനിവാസൻ പറഞ്ഞ പിടിച്ച് അകത്തിടേണ്ട ആൾദൈവം, വെള്ള പുതച്ച് സുനിൽസ്വാമി നിറഞ്ഞാടുന്നതു കണ്ടപ്പോൾ കരുതിയത് വിമലേച്ചിയുടെ ഇഷ്ടമെന്നാണ്''

Updated on

മലയാളത്തിന്‍റെ പ്രിയ നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങിൽ സുനിൽ ദാസ് എന്ന സുനിൽ സ്വാമിയുടെ സാന്നിധ്യം വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി സംവിധായകൻ പി.ജി. പ്രേംലാൽ രംഗത്തെത്തിയിരിക്കുകയാണ്. പിടിച്ച് അകത്തിടണം എന്ന് ശ്രീനിവാസൻ പണ്ട് പറഞ്ഞിട്ടുള്ള ആളാണ് മുതലമടയിലെ സുനിൽ സ്വാമി എന്നാണ് പ്രേംലാൽ കുറിച്ചത്. തന്റെ സംസ്ക്കാരച്ചടങ്ങിൽ അതേ വ്യക്തി കാർമ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടൻ സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ലെന്നും അദ്ദേഹം കുറിച്ചു. ഭാര്യ വിമലയുടെ ഇഷ്ടങ്ങളോട് ഒരിക്കലും മുഖം തിരിക്കാത്ത ആളാണ് ശ്രീനിവാസൻ. സംസ്കാര ചടങ്ങിൽ വെള്ളപുതച്ച് സുനിൽ സ്വാമി നിറഞ്ഞാടുന്നതു കണ്ടപ്പോൾ വിമലേച്ചിയുടെ ഇഷ്ടമാണ് എന്നാണ് താൻ ആദ്യം കരുതിയതെന്നും എന്നാൽ അങ്ങനെയല്ലെന്ന് പിന്നീട് മനസിലായെന്നും പ്രേം ലാൽ കൂട്ടിച്ചേർത്തു.

പ്രേംലാലിന്‍റെ കുറിപ്പ് വായിക്കാം

ഒരിക്കൽ, ശ്രീനിയേട്ടനൊപ്പം കണ്ടനാട്ടെ വീട്ടിൽ ഇരിക്കുമ്പോൾ കേരളത്തിൽ പെരുകിവരുന്ന ആൾദൈവങ്ങൾ സംസാരവിഷയമായി. 2008-ൽ വിഎസിന്റെ കാലത്ത് സന്തോഷ് മാധവനിൽ തുടങ്ങി ചില ആൾദൈവങ്ങളെ പിടിച്ച് അകത്തിട്ട ധീരത പിന്നീട് വന്ന ഗവൺമെന്റുകളൊന്നും കാണിക്കാത്തതുകൊണ്ടാണ് നാട്ടിൽ വീണ്ടും ആൾദൈവങ്ങളുടെ ചാകരയെന്ന് ശ്രീനിയേട്ടൻ പറഞ്ഞു. മതങ്ങളെയും വിശ്വാസക്കച്ചവടത്തെയുമൊക്കെ മുൻനിർത്തി ഒരു സിനിമ ശ്രീനിയേട്ടൻ എഴുതണമെന്ന് ഞാനും പറഞ്ഞു. ഒരു താരതമ്യം നടത്താൻ പറ്റുന്ന ഒരു ബാക്ക്ഡ്രോപ്പിൽ കഥ പറഞ്ഞാൽ നന്നായിരിക്കുമെന്ന് ശ്രീനിയേട്ടൻ പറഞ്ഞപ്പോൾ സ്കാൻഡിനേവിയൻ രാജ്യങ്ങളെ പോലെ മതവിശ്വാസികളുടെ എണ്ണത്തിൽ വലിയ കുറവു വരുന്ന രാജ്യങ്ങളെ കുറിച്ച് ഞാൻ സൂചിപ്പിച്ചു. 'അത് കൊള്ളാമല്ലോ 'യെന്ന് ശ്രീനിയേട്ടൻ ചിരിച്ചു.

അന്ന് സംഭാഷണമധ്യേ, പിടിച്ച് അകത്തിടേണ്ടവരും അകത്തിടപ്പെട്ടവരുമായ ആൾ ദൈവങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ കടന്നുവന്ന ഒരു പേരാണ് മുതലമടയിലെ സുനിൽ സ്വാമി ! വർഷങ്ങൾക്കുശേഷം, തന്റെ സംസ്ക്കാരച്ചടങ്ങിൽ അതേ വ്യക്തി കാർമ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടൻ സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല. അന്ന് അവിടെ ദൃക്സാക്ഷിയായി നിൽക്കുമ്പോൾ, ശ്രീനിയേട്ടൻ എഴുതാതെ പോയ ഏറ്റവും ട്രാജിക് ആയ ഒരു സോഷ്യൽ സറ്റയർ രംഗം പോലെ ആ കാഴ്ച അനുഭവപ്പെടുകയുണ്ടായി.

ശ്രീനിയേട്ടന്റെ ഏറ്റവും വലിയ സ്നേഹവും വിശ്വാസവും വിമലച്ചേച്ചിയായിരുന്നു. ‘എന്നോടുള്ള ഇവളുടെ സ്നേഹം കാണുമ്പോ ഇവളെ പോലെ ഒരെണ്ണത്തെ കൂടി കല്യാണം കഴിച്ചാലോയെന്ന് ആലോചിക്കുകയാണ്, ഇരട്ടി സ്നേഹം കിട്ടുമല്ലോ ! പ്രേംലാലും കാര്യമായൊന്ന് അന്വേഷിക്കണം ’എന്ന് പറഞ്ഞ് ശ്രീനിയേട്ടൻ ഉറക്കെ ചിരിച്ചു, ഒരു ദിവസം !

‘ഉവ്വ്.. സ്വയം ഒരാളെ ഇതുവരെ അന്വേഷിച്ച് കിട്ടാത്ത പ്രേംലാലാ ഇപ്രായത്തില് നിങ്ങൾക്ക് വേണ്ടി പെണ്ണന്വേഷിക്കാൻ നടക്കുന്നത് ’ എന്ന് വിമലച്ചേച്ചി എന്നെയും ചേർത്ത് പകരം ട്രോളി ! മറ്റൊരിക്കൽ ഞാനും ശ്രീനിയേട്ടനും അകത്തിരിക്കുമ്പോൾ ഒരു അമ്പലത്തിലെ പറയെടുപ്പോ മറ്റോ പുറത്തുവന്നു. അതുകഴിഞ്ഞ് വിമലച്ചേച്ചി അകത്തു വന്ന് ശ്രീനിയേട്ടന്റെ നെറ്റിയിൽ പ്രസാദം തൊടുവിച്ച് അടുക്കളയിലേക്ക് പോയി. ഞാൻ കൗതുകത്തോടെ നോക്കിയിരിക്കുന്നതു കണ്ട് ശ്രീനിയേട്ടൻ പറഞ്ഞു.

‘മായ്ച്ചുകളയാൻ വയ്യ. വിമല തൊട്ടതല്ലേ !’പതിനഞ്ചുവർഷത്തെ സൗഹൃദത്തിനിടയിൽ, നൂറുകണക്കായ അവസരങ്ങളിൽ ശ്രീനിയേട്ടനോടൊപ്പമിരുന്ന് രാഷ്ട്രീയവും മതങ്ങളും ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും മലയാളിയുടെ കാപട്യങ്ങളും പുരോഗമനനാട്യങ്ങളുമൊക്കെ ഹാസ്യാത്മകമായി വിമർശിക്കപ്പെട്ട അതേ അകത്തളത്തിൽ, മരണാനന്തര ചടങ്ങുകളിലെ നിരർത്ഥകതയെ കുറിച്ച് പറഞ്ഞ് ഉറക്കെച്ചിരിച്ചിട്ടുള്ള അതേ ശ്രീനിയേട്ടന്റെ അവസാനചടങ്ങിൽ, മന്ത്രങ്ങളും കർമ്മങ്ങളും അരങ്ങേറുമ്പോൾ അവിടെയും ഞാൻ കാതിൽ ശ്രീനിയേട്ടനെ ചെറുചിരിയുടെ പിന്തുണയോടെ കേട്ടു,

‘വിമലയുടെ ഇഷ്ടമല്ലേ, നടക്കട്ടെ ’.

വെള്ള പുതച്ച് സുനിൽസ്വാമി ശ്രീനിയേട്ടനു ചുറ്റും നിറഞ്ഞാടുന്നത് കണ്ടുകൊണ്ട് നില്ക്കുമ്പോൾ ആദ്യം ഞാൻ കരുതിയത് അതും വിമലച്ചേച്ചിയുടെ ഇഷ്ടമെന്നാണ്. പക്ഷേ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു, അതങ്ങനെയല്ലെന്ന്∙ യഥാർത്ഥത്തിൽ, ഇത്തരം മനുഷ്യരെ ശ്രീനിയേട്ടൻ മുമ്പേ മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ‘ഇത് ഞങ്ങളുടെ ഡെഡ്ബോഡിയാണ്’ എന്ന് അവകാശപ്പെട്ട് മൃതശരീരം ഏറ്റെടുക്കാൻ മത്സരിച്ച്, ഇടിച്ചുകയറി വരുന്ന രാഷ്ട്രീയക്കാരെ ‘സന്ദേശ’ത്തിൽ നാം കണ്ടതാണല്ലോ ! ഇത് രാഷ്ട്രീയക്കാരനായിരുന്നില്ല, മറിച്ച് ഒരു ഫ്രോഡ് സ്വാമിയായിരുന്നു എന്നു മാത്രം!

താനെഴുതിയ പഴയ രംഗത്തിലെ കഥാപാത്രങ്ങളെ വച്ചുമാറി മൂകസാക്ഷിയായി കിടന്നു, തന്റെ അവസാനരംഗത്തിൽ ശ്രീനിയേട്ടൻ ! ലോകത്തെ ട്രോളിയും സ്വയം ട്രോളിയും ഒരു ജീനിയസ്സിന്റെ സറ്റയറിക്കൽ ലാസ്റ്റ് സീൻ...ലാസ്റ്റ് ഷോട്ട് !

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com