
ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' റിലീസ് തീയതി പ്രഖ്യാപിച്ചു
മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്‍റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്‍റ് ഫാമിലി യുടെ റിലീസ് ഡേറ്റ് പുറത്തു വിട്ടു. അടുത്ത മാസം മെയ് 9 നു ചിത്രം തിയെറ്ററുകളിൽ എത്തും. നവാഗതനായ ബിന്‍റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന 'പ്രിൻസ് ആൻഡ് ഫാമിലി' തികച്ചും ഒരു കുടുംബചിത്രമാണ്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു ബിന്‍റോ.
ചിത്രത്തിൽ ദിലീപിന്‍റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ആണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
മാജിക് ഫ്രെയിംസിന്‍റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള 'പ്രിൻസ് ആൻഡ് ഫാമിലി'. വിഷുവിന് ശേഷമെത്തുന്ന കുടുംബചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ 'ഹാർട്ട് ബീറ്റ് കൂടണ് ' എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ആണ്. പത്തുവർഷത്തിനുശേഷം ദിലീപ് ചിത്രത്തിന് വേണ്ടി അഫ്സൽ പാടിയ ഗാനമാണ് ട്രെൻഡിങ്ങിൽ നമ്പർ വണ്ണിലെത്തിയത്.
സംഗീതം നൽകിയത് സനൽ ദേവ്. ലിറിക്സ് വിനായക് ശശികുമാർ, മനു മഞ്ജിത്ത്. ദിലീപിന്‍റെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അഫ്സൽ ടു കൺട്രീസ് (2015) എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപിനു വേണ്ടി അവസാനം പാടിയത്.
ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്‍റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം രണ ദിവെ. എഡിറ്റർ സാഗർ ദാസ്.