

പൃഥ്വി ഷായും ആകൃതി അഗർവാളും
ഇന്ത‍്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആകൃതി അഗർവാളും വേർപിരിഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ആകൃതി ഇക്കാര‍്യം അറിയിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്.
തങ്ങളുടെ ഭാവിയും ലക്ഷ‍്യങ്ങളും വ‍്യത‍്യസ്തമാണെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഇതിനെ പറ്റി ഊഹാപോഹങ്ങൾ പരത്തരുതെന്നും ആകൃതി മുന്നറിയിപ്പ് നൽകി. ഈ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി കൂടുതലൊന്നും ആകൃതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തങ്ങൾക്കിടയിലുള്ള സ്നേഹവും കരുതലും തുടരുമെന്ന് അവർ വ‍്യക്തമാക്കി.
വളരെയധികം ദുഖത്തോടെ പറയട്ടെ, ഭാവി ലക്ഷ‍്യങ്ങളും സാഹചര‍്യങ്ങളും വ‍്യത‍്യസ്തമായതിനാൽ ഞാനും പ്രതിശ്രുത വരനും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നതുപോലെ ഞങ്ങളുടെ വഴികൾ ഒത്തുപോകില്ലെന്ന യാഥാർഥ‍്യം ഞങ്ങൾ തിരിച്ചറിഞ്ഞു. നിലവിലെ സാഹചര‍്യങ്ങളും ഉത്തരവാദിത്വങ്ങളും കണക്കിലെടുത്ത് പരസ്പര സമ്മതതോടെ ഞങ്ങളുടെ വഴികളിലേക്ക് പിരിയാൻ ഞങ്ങൾ തീരുമാനിച്ചു.
ആകൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ വർഷം മാർച്ച് എട്ടിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഈ സമയം അന്താരാഷ്ട്ര, ആഭ‍്യന്തര കരിയർ തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു പൃഥ്വി ഷാ.
2026 ഐപിഎൽ സീസണിലേ താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് പൃഥ്വി ഷായെ ഡൽഹി ക‍്യാപ്പിറ്റൽസ് വിളിച്ചെടുത്തത്. എന്നാൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ആഭ‍്യന്തര ക്രിക്കറ്റിലും പൃഥ്വി ഷായ്ക്ക് ഒരുപാട് തിരിച്ചടികൾ നേരിട്ടിരുന്നു. 2024 ഒക്റ്റോബറിൽ താരത്തെ മുംബൈ രഞ്ജി ട്രോഫി ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്ന് മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് താരം ഇപ്പോൾ ആഭ‍്യന്തര ക്രിക്കറ്റിൽ കളിക്കുന്നത്.