

ചെന്നൈ: പ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുപോലെ പിടിച്ചുപറ്റിയ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ, ദക്ഷിണേന്ത്യയിലെ സൂപ്പർ ഹീറോയിൻ എന്ന വിശേഷണം കരൺ ജോഹർ പതിച്ചു നൽകിയത് സമാന്ത റൂത്ത് പ്രഭുവിനാണ്. സമാന്ത തന്നെ നിർദേശിച്ച നയൻതാരയുടെ പേരു കേട്ടപ്പോൾ കരൺ കാണിച്ച അപരിചിത ഭാവം ദക്ഷിണേന്ത്യൻ സിനിമാ പ്രേമികളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്.
എന്നാൽ, തമിഴിലെ സൂപ്പർ സംവിധായകൻ ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് സിനിമയായ ജവാനിൽ ഷാരുഖ് ഖാന്‍റെ നായികയായെത്തിയതോടെ ബോളിവുഡിനും നയൻതാരയെ അവഗണിക്കാൻ കഴിയാതെയായി.
ദീപിക പദുകോണിന്‍റെ ഗസ്റ്റ് റോൾ നയൻസിനെ കവച്ചുവയ്ക്കുന്നതാണെന്നൊക്കെ റിവ്യൂ വന്നെങ്കിലും, പഴയ തിരുവല്ലക്കാരി ഡയാനയ്ക്ക് ബോളിവുഡിൽ ആരാധകർ ഏറെയാണിപ്പോൾ.
ഇതിനിടെ നയൻതാരയുടെ സ്വത്തിനെക്കുറിച്ചുള്ള വാർത്തകൾ കൂടി ബോളിവുഡ് വൃത്തങ്ങളിൽ പ്രചരിച്ചു തുടങ്ങിയതോടെ പല വിമർശകരുടെയും കണ്ണു തള്ളിയ മട്ടാണ്.
ആകെ 200 കോടി രൂപയുടെ ആസ്തി നയൻതാരയ്ക്കുണ്ടെന്നാണു കണക്കാക്കുന്നത്. ഇതിൽ 100 കോടിയുടെ നാലു ബെഡ്റൂം ഫ്ളാറ്റിലാണ് നയൻസും ഭർത്താവ് വിഘ്നേഷ് ശിവനുമൊത്ത് താമസിക്കുന്നത്. സ്വകാര്യ സിനിമാ ഹാൾ, സ്വിമ്മിങ് പൂൾ, മൾട്ടി ജിം തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്.
ഹൈദരാബാദിലെ ബഞ്ചാരാ ഹിൽസിൽ 30 കോടി വീതം വിലയുള്ള രണ്ട് അപ്പാർട്ട്മെന്‍റുകൾ. 1.76 കോടിയുടെ ബിഎംഡബ്ല്യു 7 സീരീസ്, ഒരു കോടിയുടെ മെഴ്സിഡസ് ജിഎൽഎസ്350ഡി, ബിഎംഡബ്ല്യു 5 എന്നിവയാണ് പ്രധാന വാഹനങ്ങൾ.
ഇതിനൊക്കെ പുറമേ, സ്വന്തമായി ജെറ്റ് വിമാനമുള്ള അപൂർവം ഇന്ത്യൻ നടിമാരിലൊരാളുമാണ് നയൻതാര. അമ്പത് കോടി രൂപയാണ് ഇതിന്‍റെ വില. ശിൽപ്പ ഷെട്ടി, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത് എന്നിവരാണ് പ്രൈവറ്റ് ജെറ്റുള്ള മറ്റ് ഇന്ത്യൻ നടിമാർ.
ലിപ്പ് ബാം കമ്പനി, യുഎഇ ആസ്ഥാനമായ എണ്ണക്കമ്പനി എന്നിവയിൽ മുപ്പത്തെട്ടുകാരിക്ക് നിക്ഷേപങ്ങളുമുണ്ട്. നയൻതാരയുടെയും വിഘ്നേഷിന്‍റെയും ഉടമസ്ഥതയിലുള്ളതാണ് റൗഡി പിക്ചേഴ്സ് എന്ന ബാനർ.