"തടി കൂടിയിട്ടുണ്ട്, ഞാനെടുക്കുന്ന സ്റ്റിറോയ്ഡുകളുടെ പാർശ്വഫലമാണ്"; പരിഹസിക്കുന്നവരോട് പ്രിയ മോഹൻ

പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന 'ഫൈബ്രോമയാൾജിയ' എന്ന രോഗത്തിന് ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് താരം
priya mohan reply to bad comment on her body

പ്രിയ മോഹൻ

Updated on

ട്രാവൽ വ്ലോ​ഗുകളിലൂടെ ശ്രദ്ധേയയാണ് നടിയും പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ മോഹൻ. കുറച്ചു നാളുകൾക്ക് മുൻപാണ് താൻ കടന്നുപോവുന്ന ശാരീരിക ബുദ്ധിമുട്ടിനേക്കുറിച്ച് താരം തുറന്നു പറഞ്ഞത്. പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന 'ഫൈബ്രോമയാൾജിയ' എന്ന രോഗത്തിന് ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് താരം. മരുന്നുകളുടെ ഫലമായി ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളേക്കുറിച്ച് ചോദിച്ചുകൊണ്ട് മോശം കമന്റുകൾ ചെയ്യുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

എനിക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചുകൊണ്ടിരിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ മറുപടി. അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തതുപോലെയാണ്. ഭൂരിഭാഗം സമയത്തും ഞാൻ തളർന്നുപോയതുപോലെ തോന്നിക്കുന്നുണ്ടാകാം. ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റീറോയ്ഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണിവ. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ ധാരാളം സമയം കണ്ടെത്തുന്നവർക്ക് വേണ്ടിയാണ് ഈ വിശദീകരണം. സൗന്ദര്യത്തിന് കാത്തിരിക്കാം, പക്ഷേ രോഗശാന്തിക്ക് കഴിയില്ല. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. മറ്റൊരാളുടെ ജീവിതയാത്രയെ വിധിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ഈ ജീവിതത്തിലുണ്ട്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക."- പ്രിയ മോഹൻ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രിയയും ഭർത്താവ് നിഹാല്‍ പിള്ളയും. ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ ഇരുവരും വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം മേയിലാണ് തന്നെ ബാധിച്ച അപൂർവ രോ​ഗത്തേക്കുറിച്ച് പ്രിയ ആരാധകരോട് പങ്കുവെക്കുന്നത്. പേശികളിലും സന്ധികളിലും വേദന വരികയും ദൈനംദിന കാര്യങ്ങള്‍പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു താനെന്നാണ് പ്രിയ പറഞ്ഞത്. ക്ഷീണം, ഉറക്കമില്ലായ്മ, വിഷാദം തുടങ്ങിയ അവസ്ഥകളെല്ലാം ഇതിനോട് അനുബന്ധിച്ചുണ്ടായെന്നും അവര്‍ കൂട്ടിച്ചേർത്തു. പിന്നാലെ നിരവധി പേരാണ് പ്രിയയ്ക്ക് പിന്തുണയുമായി എത്തിയത്.

logo
Metro Vaartha
www.metrovaartha.com