സിനിമാ പ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്നു സത്യവാങ്മൂലം നൽകണം

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.
Producers to force anti drugs affidavit

സിനിമാ പ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്നു സത്യവാങ്മൂലം നൽകണം

freepik

Updated on

കൊച്ചി: സിനിമാ രംഗത്തെ ലഹരി ഉപയോഗം തടയാൻ പുതിയ നടപടികളുമായി നിർമാതാക്കളുടെ സംഘടന. ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാ പ്രവർത്തകരിൽ നിന്ന് എഴുതിവാങ്ങാനാണ് നിർമാതാക്കളുടെ തീരുമാനം. ഷൂട്ടിങ് സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന ഇടങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്നാണ് സത്യവാങ്മൂലം നൽകേണ്ടത്.

നടീനടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമായിരിക്കും. വേതന കരാറിനൊപ്പം സത്യവാങ്മൂലവും നിർബന്ധമാക്കാനാണ് ആലോചന. ലഹരി വിരുദ്ധ ദിനമായ 26 മുതൽ നിബന്ധന നടപ്പിലാക്കുമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.

സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്ന് താരങ്ങളടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ സത്യവാങ്മൂലം നൽകണം. സിനിമാ രംഗത്ത് ജോലി ചെയ്യുന്ന എല്ലാവർക്കും നിബന്ധന ബാധകമാകും. വിഷയത്തിൽ 24നകം മറുപടി അറിയിക്കണമെന്ന് താരസംഘടനയായ "അമ്മ'യോട് നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ തീരുമാനത്തെ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനായ ഫെഫ്ക അനുകൂലിക്കുന്നതായാണ് വിവരം.

മലയാള സിനിമയിൽ സർവ വിഭാഗങ്ങളിലും ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണം ശക്തമാണ്. ലഹരി ഉപയോഗിച്ചതിന് അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അടക്കം പിടിയിലായിരുന്നു. അതിനാൽത്തന്നെ ലഹരി സംഘങ്ങളുടെ കൈകളിൽ നിന്ന് സിനിമയെ രക്ഷിക്കാനുള്ള നടപടികളെ പിന്തുണയ്ക്കുന്നവരാണ് "അമ്മ'യിലെയും ഫെഫ്കയിലെയും ഭൂരിഭാഗംപേരും. 'അമ്മ'യുടെ അടുത്ത ജനറൽ ബോഡി യോഗം നിർമാതാക്കളുടെ തീരുമാനം വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം.

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും അടക്കം മുൻനിര താരങ്ങൾ ലഹരി ഉപയോഗത്തിന്‍റെയും ലഹരിക്കച്ചവടക്കാരുമായുള്ള ബന്ധത്തിന്‍റെയും പേരിൽ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ടു താരങ്ങളെയും അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. സിനിമയിലെ ലഹരി ഉപയോഗ ആരോപണങ്ങളും വനിതാ ചലച്ചിത്ര പ്രവർത്തകരോടുള്ള ചിലരുടെ മോശം പെരുമാറ്റവുമെല്ലാം വ്യാപക ചർച്ചകൾക്കാണ് വഴിതെളിച്ചത്. 'അമ്മ' ഭരണസമിതി രാജിവയ്ക്കുന്നതിലേക്കും ഈ സംഭവവികാസങ്ങൾ നയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com