ചരിത്രം കുറിക്കാനൊരുങ്ങി 'പ്രോജക്റ്റ് കെ'; സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം
സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനൊരുങ്ങി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സൈ ഫൈ ചിത്രം പ്രോജക്റ്റ് കെ. വൈജയന്തി മൂവീസിന്‍റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ദിഷ പതാനി തുടങ്ങിയ വൻ താര നിരയാണ് അണി നിരക്കുന്നത്.
ജൂലൈ 20നാണ് സാൻ ഡിയാഗോ കോമിക്ക് കോൺ ആഘോഷം ആരംഭിക്കുന്നത്. അന്നു തന്നെ പ്രോജക്ട് കെയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ ടൈറ്റിൽ, ടീസർ, റിലീസ് തീയതി എന്നിവ പ്രഖ്യാപിക്കും.
കോമിക് കോൺ ആഗോള പ്രേക്ഷകർക്ക് ഞങ്ങളുടെ കഥയെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച വേദികൂടിയായി ഞങ്ങൾ കാണുന്നുവെന്ന് സംവിധായകൻ നാഗ് അശ്വിൻ പറയുന്നു.
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രൊഡക്ഷൻ ഹൗസുകളിലൊന്ന് എന്ന നിലയിൽ രാജ്യത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളോടൊപ്പം ചേർന്നുകൊണ്ട് ഇന്ത്യൻ സിനിമയുടെ അതിരുകൾ തകർക്കുകയാണ് തങ്ങളെന്ന് നിർമാതാവ് അശ്വനി ദത്ത് പറയുന്നു. ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി