

പ്രതിഷേധം ശക്തമായി; എമ്പുരാനിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനം
മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ മാറ്റം വരുത്താൻ തീരുമാനം. സിനിമക്കെതിരേ രൂക്ഷമായ പ്രതിഷേധം ഉയർന്നതോടെയാണ് അധികൃതരുടെ നീക്കം. നിർമാതാക്കൾ തന്നെയാണ് മാറ്റം വരുത്താൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെയാവും ചിത്രത്തിൽ മാറ്റങ്ങൾ പൂർത്തിയാവുക. അതുവരെ സിനിമ പ്രദർശനം തുടരും.
ചില രംഗങ്ങൾ മാറ്റുക, ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യുക, വില്ലൻ കഥാപാത്രത്തിന്‍റെ പേര് മാറ്റുക, കലാപത്തിന്‍റെ ദൃശ്യങ്ങളും സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങളും അടക്കമുള്ളവയാവും പരിഷ്ക്കരിക്കുക. ഇത് റീ സെൻസറിങ് അല്ല മോഡിഫിക്കേഷനാണെന്നാണ് വിവരം.
അതേസമയം, എമ്പുരാനെതിരേ ആർഎസ്എസ് മുഖവാരികയായ ഓർഗനൈസറാണ് രംഗത്തെത്തിയത്. വിശ്വരാജ് വി. ആണ് ഓർഗനൈസർ ഓൺലൈനിൽ, മോഹൻലാലിന്‍റെ എമ്പുരാൻ ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡ പ്രചരിപ്പിക്കുന്നു എന്നാരോപിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ഗോധ്രാനന്തര കലാപത്തെ മുതലെടുക്കുന്നു എന്നാണ് ലേഖനത്തിൽ പറയുന്നത്.
ഇത്തരം സിനിമയിൽ അഭിനയിക്കാനുള്ള മോഹൻലാലിന്‍റെ തീരുമാനം ആരാധകരോടുള്ള വഞ്ചനയാണ്. എമ്പുരാൻ ഹിന്ദു വിരുദ്ധ ഇന്ത്യ വിരുദ്ധ സിനിമയായി ദേശീയ തലത്തിൽ തുറന്നു കാട്ടപ്പെടുമെന്നതിൽ സംശയമില്ലെന്നും, മോഹൻലാലിനെപ്പോലെയൊരു നടൻ വിദ്വേഷം മാത്രം വളർത്തുന്ന ഒരു പ്രചാരണ കഥ തെരഞ്ഞെടുത്തത് എന്തു കൊണ്ടാണെന്ന് ദുരൂഹമാണെന്നും ലേഖനത്തിൽ ഉണ്ട്.
2002ലെ കലാപത്തിലെ പ്രധാന അക്രമികൾ ഹിന്ദുക്കളാണെന്ന് ചിത്രത്തിൽ കാണിക്കുന്നു. ഹിന്ദു സമുദായത്തെ അപകീർത്തിപ്പെടുത്താൻ സിനിമ വയലൻസിനെ ഉപയോഗിക്കുന്നു. സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തി വിഭാഗീയവും ഹിന്ദുവിരുദ്ധവുമായ ആഖ്യാനമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും ലേഖനത്തിൽ ഉണ്ട്.