Pushparaj will arrive a day before the said; 'Pushpa: The Rule' hits theaters on December 5
പറഞ്ഞതിനും ഒരു ദിവസം മുമ്പേ പുഷ്പരാജ് എത്തും; 'പുഷ്പ: ദ റൂൾ' ഡിസംബർ 5ന് തിയെറ്ററുകളിൽ

പറഞ്ഞതിനും ഒരു ദിവസം മുമ്പേ പുഷ്പരാജ് എത്തും; 'പുഷ്പ: ദ റൂൾ' റിലീസ് തീയതി മാറി

'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്
Published on

ഈ വർഷം ഏവരും ഏറ്റവും ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമായ 'പുഷ്പ ദ റൂളി'ന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. മുമ്പേ പറഞ്ഞതിനും ഒരു ദിവസം മുമ്പേ ചിത്രം തിയെറ്ററുകളിലെത്താനൊരുങ്ങുകയാണ്. ചങ്കുറപ്പിന്‍റെ പര്യായമായ പുഷ്പയുടെ ഭരണം ഡിസംബർ 5ന് തിയെറ്ററുകളിൽ ആരംഭിക്കും.

ലോകം മുഴുവൻ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആൻഡ് പാക്ക്ഡ് വിത്ത് ഫയർ' എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ പോസ്റ്റ‍ർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെ സിനിമ ഇറങ്ങാൻ 50 ദിനം കൂടി എന്ന അറിയിപ്പുമായുള്ള പോസ്റ്ററും എത്തിയത് തരംഗമായിരുന്നു. 'പുഷ്പ 2 ദ റൂൾ' ഇന്ത്യൻ സിനിമയുടെ ഒരു പുതിയ യുഗമായിരിക്കും' എന്നാണ് അണിയറ പ്രവർത്തരുടെ ഭാഷ്യം.

രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.ആദ്യ ഭാഗത്തിന്‍റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാൽ തന്നെ ടോട്ടൽ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിന് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്ന വൻ ഹൈപ്പ് കൊണ്ടുതന്നെ ആരാധകരുൾപ്പെടെയുള്ള പ്രേക്ഷക സമൂഹം ആകാംക്ഷയോടെയാണ് സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നത്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ 2 ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ.

ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇ 4 എന്‍റർടെയ്ൻമെന്‍റ്സ് ആണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ" ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പിആർഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

logo
Metro Vaartha
www.metrovaartha.com