അല്ലു അർജുന്‍റെ കൾട്ട് ക്ലാസിക് സിനിമ പുഷ്പ രണ്ടാം ഭാഗം റിലീസായപ്പോൾ വിമർശനങ്ങൾ ഒരുപാടുണ്ടായി. രശ്മിക മന്ദാനയുടെ റൊമാൻസ് ക്രിഞ്ച് ആയിപ്പോയെന്നും, ശ്രീവള്ളി വല്ലാത്ത വള്ളിക്കെട്ടാണെന്നും, ഫഹദ് ഫാസിലിനെ വെറും കോമാളി വേഷമാക്കിയെന്നുമെല്ലാം ട്രോളുകൾ വന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, പുഷ്പ 2 ബോളിവുഡിനെപ്പോലും ഞെട്ടിത്തരിപ്പിക്കുന്ന മുന്നേറ്റമാണ് പാൻ ഇന്ത്യ തലത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാർഥ്യം.
റിലീസായി ആറ് ദിവസം കൊണ്ട് ഇന്ത്യയിലെ കളക്ഷൻ 600 കോടി രൂപ പിന്നിട്ടു കഴിഞ്ഞു. ആഗോള തലത്തിലുള്ള കണക്കെടുത്താലും ബ്ലോക്ക് ബസ്റ്റർ എന്ന അക്ഷരം തെറ്റാതെ വിളിക്കാവുന്ന പെർഫോമൻസാണ്- വടക്കേ അമെരിക്കയിൽ ഒരു കോടി ഡോളറും യുകെയിൽ ഇരുപതു ലക്ഷം പൗണ്ടും പിന്നിട്ടു കഴിഞ്ഞു കളക്ഷൻ. ദുബായിയും അബുദാബിയും പോലുള്ള ഗൾഫ് നഗരങ്ങളിലും ഹൗസ് ഫുള്ളായി ഓട്ടം തുടരുകയാണ്.
പുഷ്പ 2 ഇതുവരെയുള്ള കുതിപ്പ് വച്ച് നോക്കുമ്പോൾ പഠാൻ, ജവാൻ, കെജിഎഫ് 2, ബാഹുബലി 2 എന്നീ വമ്പൻ ഹിറ്റുകളെയെല്ലാം പിന്നിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഷാരുഖ് ഖാന്‍റെ പഠാനും ജവാനും ആഗോള തലത്തിൽ ആയിരം കോടി കളക്റ്റ് ചെയ്ത സിനിമകളാണ്. ഇപ്പോഴത്തെ പോക്ക് പോയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുഷ്പ 2 ഇത് മറികടക്കും. മേജർ റിലീസുകളൊന്നും ഈ സമയത്തിനുള്ളിൽ വരാനും ഇല്ലാത്തതിനാൽ വലിയ മത്സരമൊന്നും നേരിടാനില്ല പുഷ്പരാജിന്.
റിലീസ് ദിവസം തന്നെ 164 കോടി കളക്റ്റ് ചെയ്ത പുഷ്പ 2, അതിനു ശേഷമുള്ള ആദ്യത്തെ തിങ്കളാഴ്ച 64 കോടി നേടിയിട്ടുണ്ട്. ഇതിനിടയിലുള്ള വെള്ളി (94 കോടി), ശനി (119 കോടി), ഞായർ (141 കോടി) ദിവസങ്ങളിലും പ്രതീക്ഷിച്ചതിൽ കൂടുതലായിരുന്നു കളക്ഷൻ.
തിങ്കളാഴ്ചത്തെ 64 കോടിയിൽ 46 കോടിയും വന്നത് സിനിമയുടെ ഹിന്ദി പതിപ്പിനാണ് എന്നത് ബോളിവുഡ് ഇൻഡസ്ട്രിയുടെ ചങ്കിടിപ്പ് കൂട്ടുന്നു. ജവാൻ മുപ്പത് കോടിയും സ്ത്രീ 2 മുപ്പത്തെട്ടു കോടിയും നേടിയ സ്ഥാനത്താണിത്.
അല്ലു അർജുൻ: സിനിമയിലെ ടൈറ്റിൽ റോളിൽ അല്ലു അർജുൻ സ്ക്രീൻ പ്രസൻസിലൂടെയും, സ്വന്തമായ ശൈലിയിലൂടെയും, പഞ്ച് ഡയലോഗുകളിലൂടെയും, കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെയും പ്രാദേശിക അതിർവരമ്പുകൾ ഭേദിക്കുന്നു.
പാൻ ഇന്ത്യൻ: ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്തതുവഴി ഭാഷയുടെ പരിമിതികളെ മറികടന്നു. അമാനുഷിക ശക്തിയുള്ള നായകൻ, അതിജീവനത്തിന്‍റെ പോരാട്ടം, പ്രതികാരം എന്നിങ്ങനെ ഏതു സാംസ്കാരിക മേഖലയിലും സ്വീകരിക്കപ്പെടുന്ന പ്രമേയം വിശാലമായ ആരാധകരെ സൃഷ്ടിക്കുന്നു.
തുടർച്ചയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ്: പുഷ്പ: ദ റൈസ് എന്ന ആദ്യ ഭാഗം, ബാഹുബലിയുടെ ഒന്നാം ഭാഗം പോലെ, ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ടുചെന്നാണ് അവസാനിപ്പിച്ചിരുന്നത്. രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് ഊർജം പകരുന്ന തരത്തിലുള്ള അപ്ഡേറ്റുകൾ ഉപയോഗിച്ചുള്ള മാർക്കറ്റിങ് ക്യാംപെയ്നുകൾ നിരന്തരം വന്നുകൊണ്ടിരുന്നു. ഇത്രയും വലിയ ഹൈപ്പ് സൃഷ്ടിച്ച പ്രതീക്ഷ കാക്കാൻ രണ്ടാം ഭാഗത്തിനു സാധിച്ചു. പുഷ്പ: ദ റാംപേജ് എന്ന മൂന്നാം ഭാഗം പ്രഖ്യാപിക്കാൻ അണിയറ പ്രവർത്തകർക്ക് ഒരു സംശയവും വേണ്ടിവന്നില്ല.
സംഗീതം: ദേവിശ്രീ പ്രസാദ് സംഗീതം നൽകിയ ആദ്യ ഭാഗത്തിലെ ശ്രീവല്ലി, ഓ ആണ്ടവാ എന്നീ പാട്ടുകൾ ഇന്ത്യയൊട്ടാകെ തരംഗമായിരുന്നു. ഇതിൽ നിന്ന് ഒട്ടും കുറയാതെ പുഷ്പ 2 അവതരിപ്പിച്ച പുഷ്പ പുഷ്പ, കിസ്സിക് എന്നീ പാട്ടുകളും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു.
ആക്ഷനും ക്യാമറയും: പീറ്റർ ഹെയ്ൻ കോറിയോഗ്രാഫ് ചെയ്ത ആക്ഷൻ രംഗങ്ങൾക്ക് അതിന്‍റേതായ ഗ്യാരന്‍റിയുണ്ട് ഇന്ത്യൻ സിനിമയിൽ. മിറോസ്ലാവ് ബ്രോസെക്കിന്‍റെ ക്യാമറ അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതാണ്. വനത്തിന്‍റെ പശ്ചാത്തലത്തിലുള്ള സംഘട്ടനരംഗങ്ങൾ സിനിമയുടെ ബ്രഹ്മാണ്ഡ ഹൈപ്പിന് ചേരും വിധത്തിൽ തന്നെ സ്ക്രീനിലെത്തി.