

രാജ് കുന്ദ്ര, ശിൽപ്പ ഷെട്ടി
ജീവിതത്തിൽ നേരിട്ട പ്രതിസന്ധി ഘട്ടത്തെ പറ്റി തുറന്നു പറഞ്ഞ് ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര. പോണോഗ്രാഫിക് ചിത്രങ്ങൾ നിർമിക്കുകയും മൊബൈൽ ആപ്ലിക്കേഷനിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായതും തുടർന്ന് മുംബൈയിലെ ആർതർ റോഡ് ജയിലിൽ 63 ദിവസം കഴിഞ്ഞതിനെ കുറിച്ചുമാണ് രാജ് കുന്ദ്ര എബിപി ന‍്യൂസിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.
ആ സമയം ശിൽപ്പ ഷെട്ടി തന്നിൽ നിന്നും വിവാഹമോചനം നേടാൻ പോകുന്നുവെന്ന അഭ‍്യൂഹങ്ങൾ പ്രചരിച്ചെന്നും അത് തന്നെ വല്ലാതെ തകർത്തു കളഞ്ഞുവെന്നുമാണ് രാജ് കുന്ദ്ര പറയുന്നത്.
ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ആത്മഹത‍്യ ചെയ്യാൻ തോന്നി. എന്‍റെ ഭാര‍്യയെക്കാളും കുടുംബത്തേക്കാളും പ്രധാനപ്പെട്ട മറ്റൊന്നും എനിക്കില്ല. ജീവിക്കുന്നതിൽ അർഥമില്ലെന്ന് തോന്നി. രാജ് കുന്ദ്ര പറഞ്ഞു. പിറ്റേ ദിവസം ശിൽപ്പയോട് സംസാരിച്ചപ്പോഴാണ് തനിക്ക് ആശ്വാസമായതെന്നും രാജ് കുന്ദ്ര പറഞ്ഞു.
ശിൽപ്പയോട് ഫോണിൽ സംസാരിച്ചപ്പോൾ അവൾ തന്‍റെയൊപ്പം ഉണ്ടെന്ന് പറയുകയും ഇതിനെ പറ്റി ഓർത്ത് വിഷമിക്കേണ്ട. തന്നിൽ വിശ്വാസമുണ്ടെന്ന് പറയുകയും ചെയ്തെന്ന് രാജ് കുന്ദ്ര വ‍്യക്തമാക്കി. അതിനു ശേഷം തനിക്ക് വലിയ ധൈര‍്യം ലഭിച്ചുവെന്നും രാജ് കുന്ദ്ര പറഞ്ഞു.