

മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം രജീഷ
മലയാളത്തിന്‍റെ ബിഗ് എംസിന്‍റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ ആഗ്രഹിക്കാത്തവർ ആരുമില്ല. രണ്ടു പേരും ഒന്നിച്ചുണ്ടെങ്കിൽ പിന്നെ പറയേണ്ട. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി രജീഷ വിജയന്‍റെ ഫോട്ടോയാണ്. മലയാളത്തിന്‍റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പമുള്ള ചിത്രമാണ് രജീഷ പോസ്റ്റ് ചെയ്തത്.
'എന്‍റെ മോശം ചിരി ക്ഷമിക്കുക പക്ഷേ ഇത് എന്‍റെ മില്യൺ ഡോളർ നിമിഷമാണ്. ഈ ലെജൻഡ്സിനോട് എന്‍റെ ഹൃദയത്തിൽ ഒരുപാട് സ്നേഹമുണ്ട്.' - എന്ന അടിക്കുറിപ്പിലാണ് രജീഷ ചിത്രം പങ്കുവച്ചത്. മമ്മൂട്ടിയ്ക്കും മോഹൻലാലിനും നടുക്കു നിൽക്കുന്ന രജീഷയെ ആണ് ചിത്രത്തിൽ കാണുന്നത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയത്.
എഐ എന്നായിരുന്നു തമിഴ് നടൻ ജീവയുടെ കമന്‍റ്. ഹേറ്റേഴ്സ് അങ്ങനെ പറയുമെന്നും എന്നാൽ അത് ഒറിജിനലാണ് എന്നുമാണ് രജീഷ മറുപടിയായി കുറിച്ചത്. കൂടാതെ എഐ ആല്ലെന്ന് തെളിയിക്കാൻ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പമുള്ള വിഡിയോയും നടി സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. അപർണ ബാലമുരളി അടക്കം നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.