ആന്ധ്രയിലെ ക്ഷേത്രത്തിൽ വച്ച് ഊർമിള മതോംഡ്കറെ രാം ഗോപാൽ വർമ രഹസ‍്യമാ‍യി വിവാഹം കഴിച്ചു; വെളിപ്പെടുത്തലുമായി മാധ‍്യമപ്രവർത്തകൻ

മാധ‍്യമപ്രവർത്തകനായ ജ‍്യോതി വെങ്കടേഷാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്
Ram Gopal Varma Secretly Married Urmila Matondkar In A Temple; journalist makes shocking claim

ഊർമിള മതോംഡ്കർ, രാം ഗോപാൽ വർമ

Updated on

ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളാണ് രാം ഗോപാൽ വർമ. സത‍്യ, രംഗീല എന്നീ ചിത്രങ്ങൾ അതിനുദാഹരണങ്ങളാണ്. ഈ ചിത്രങ്ങളിലെല്ലാം നടി ഊർമിള മതോംഡ്കറായിരുന്നു നായികയായി എത്തിയത്.

പിന്നീട് ദൗഡ്, ഭൂട്ട്, പ‍്യാർ തുനേ ക‍്യാ കിയ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചതോടെ ഈ അവിസ്മരണീയമായ കൂട്ടുകെട്ട് പ്രേക്ഷകരും ഏറ്റെടുത്തു. എന്നാലിപ്പോഴിതാ രാം ഗോപാൽ വർമയും ഊർമിളയും രഹസ‍്യമായി വിവാഹം കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു മുതിർന്ന മാധ‍്യമപ്രവർത്തകൻ.

1990കളിൽ തന്നെ ഇരുവരും ഡേറ്റിങ്ങിലാണെന്ന് അഭ‍്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ആ കാലഘട്ടത്തിൽ തന്നെയാണ് ഇരുവരും വിവാഹം കഴിച്ചതെന്നാണ് മാധ‍്യമപ്രവർത്തകനായ ജ‍്യോതി വെങ്കടേഷ് സിദ്ധാർഥ് കണ്ണനുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞത്.

എന്നാൽ ഇക്കാര‍്യം ശരിയാണെന്ന് രാം ഗോപാൽ വർമയോ ഊർമിളയോ സമ്മതിച്ചിട്ടില്ല. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് ജെന്‍റിൽ‌മാൻ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ച് തന്നോട് ഇക്കാര‍്യം പറഞ്ഞതെന്നാണ് ജ‍്യോതി പറയുന്നത്. 'ജ‍്യോതി ഒരു മാധ‍്യമപ്രവർത്തകൻ എന്ന നിലയ്ക്ക് താങ്കൾ എല്ലാം എഴുതും എന്നാൽ എന്തുകൊണ്ടാണ് രാം ഗോപാൽ വർമ ഊർമിളയെ വിവാഹം കഴിച്ചതിനെ പറ്റി എഴുതാതിരുന്നത്'. ചിരഞ്ജീവി ചോദിച്ചു.

ജ‍്യോതി തെളിവ് ചോദിച്ചപ്പോൾ ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതെന്നും അന്ന് ചടങ്ങ് നടത്തിയ പൂജാരിയുടെ മൊബൈൽ നമ്പർ ചിരഞ്ജീവി തനിക്ക് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇത് വാർത്തയാക്കുന്നതിനു മുൻപ് ജ‍്യോതി ഇക്കാര‍്യം നടിയെ വിളിച്ച് ചോദിച്ചു. എന്നാൽ വിഷയത്തെ പറ്റി സംസാരിച്ചപ്പോൾ ഊർമിള കരയുകയായിരുന്നുവെന്നും നിനക്ക് എന്നെ പറ്റി എങ്ങനെയാണ് അങ്ങനെ എഴുതാൻ സാധിക്കുന്നതെന്ന് അവർ ചോദിച്ചെന്നും ജ‍്യോതി വെളിപ്പെടുത്തി.

തുടർന്ന് രാം ഗോപാൽ വർമയെ വിളിച്ച് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ലെന്നും ജ‍്യോതി വ‍്യക്തമാക്കി. ഇരുവരും വേർപിരിയാനുണ്ടായ കാരണവും ജ‍്യോതി തുറന്നു പറഞ്ഞു. നിയമപരമായി വിവാഹം കഴിക്കാൻ ഊർമിള ആഗ്രഹിച്ചിരുന്നുവെങ്കിലും രാം ഗോപാൽ വർമ അതിന് തയാറായില്ലെന്നും അതാണ് ഇരുവരും വേർപിരിയാൻ കാരണമെന്നുമാണ് ജ‍്യോതി പറയുന്നത്.

logo
Metro Vaartha
www.metrovaartha.com