മുംബൈ വിമാനത്താവളത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി റാണി മുഖർജി; ലാളിത്യവും മാതൃസ്നേഹവും ഒരുമിച്ചൊരു അപൂർവ നിമിഷം

കഥാപാത്രങ്ങളിലെ മികവും വ്യക്തിജീവിതത്തിലെ സ്വകാര്യതയും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന നടിയെന്ന പേരും റാണിക്കുണ്ട്
Rani Mukerji at Mumbai airport

റാണി മുഖർജി മുംബൈ വിമാനത്താവളത്തിൽ

Updated on

ബോളിവുഡിലെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ റാണി മുഖർജി വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാൽ ഇത്തവണ സിനിമാ വിശേഷങ്ങളോ റെഡ് കാർപെറ്റ് ഗ്ലാമറോ അല്ല, മകൾ ആദിരയോടുള്ള കരുതലാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മുംബൈ വിമാനത്താവളത്തിൽ മകൾക്കൊപ്പമെത്തിയ റാണി, പാപ്പരാസികൾ ചിത്രങ്ങൾ പകർത്തുന്നതിനിടെ ആദിരയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞോ എന്ന് നേരിട്ട് പരിശോധിക്കുന്ന വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

വിമാനത്താവളത്തിലെത്തിയ റാണി പതിവുപോലെ പുഞ്ചിരിയോടെ ഫോട്ടോഗ്രാഫർമാരെ അഭിവാദ്യം ചെയ്യുകയും ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ കാറിൽ കയറാനൊരുങ്ങുമ്പോൾ മറ്റൊരു കോണിൽ നിന്ന് ചിത്രമെടുക്കാൻ ശ്രമിച്ച പാപ്പരാസിയുടെ ക്യാമറയിലേക്ക് അവർ നേരിട്ട് എത്തി. "കുട്ടിയുടെ ചിത്രം വന്നിട്ടില്ലല്ലോ?" എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് റാണി മടങ്ങിയത്. മകൾ ആദിരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ റാണിയും ഭർത്താവും സംവിധായകനുമായ ആദിത്യ ചോപ്രയും വർഷങ്ങളായി പുലർത്തുന്ന നിലപാടിന്‍റെ മറ്റൊരു ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

ഈ വേളയിൽ റാണിയുടെ വേഷവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആഡംബരത്തെക്കാൾ ലാളിത്യത്തിന് പ്രാധാന്യം നൽകുന്ന ശൈലി വീണ്ടും അവർ തെളിയിച്ചു. ബ്രൗൺ നിറത്തിലുള്ള കുർത്തയും അതിനൊത്ത പാന്‍റും ധരിച്ച റാണി, മേക്കപ്പും ആഭരണങ്ങളും വളരെ പരിമിതപ്പെടുത്തി സ്വാഭാവിക സൗന്ദര്യത്തെ മുൻനിർത്തിയായിരുന്നു പ്രത്യക്ഷപ്പെട്ടത്. കണ്ണടയും സ്വതന്ത്രമായി വിടർത്തിയിട്ട മുടിയും ചേർന്ന് അവരുടെ വ്യക്തിത്വത്തിന് കൂടുതൽ ഗൗരവവും എലഗൻസും നൽകി. സിനിമാതാരത്തിന്‍റെ തിളക്കത്തേക്കാൾ കരുതലുള്ള ഒരു അമ്മയുടെ മുഖമാണ് ആ ലുക്കിൽ കൂടുതൽ വ്യക്തമായത്.

1990കളുടെ അവസാനത്തിൽ സിനിമയിൽ എത്തിയ റാണി 'കുച് കുച് ഹോതാ ഹൈ', എന്ന ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശക്തമായ സാന്നിധ്യം അറിയിച്ചു. പിന്നീട് 'സാഥിയ', 'ഹം തും', 'ബ്ലാക്ക്', 'ബണ്ടി ഔർ ബബ്ലി', 'നോ വൺ കിൽഡ് ജെസിക്ക', 'മർദാനി', 'മർദാനി 2', 'ഹിച്കി', 'ചൽത്തേ ചൽത്തേ', 'മിസിസ് ചാറ്റർജി വേഴ്സസ് നോർവേ' തുടങ്ങി അഭിനയപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

കഥാപാത്രങ്ങളിലെ മികവും വ്യക്തിജീവിതത്തിലെ സ്വകാര്യതയും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന നടിയെന്ന പേരും റാണിക്കുണ്ട്. മുംബൈ വിമാനത്താവളത്തിലെ ഈ ചെറിയ സംഭവം വീണ്ടും വ്യക്തമാക്കുന്നത് അതാണ്. തിളങ്ങുന്ന താരപദവിയേക്കാൾ, മകളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന അമ്മയാണ് റാണി മുഖർജി. അതേസമയം ലാളിത്യവും ചാരുതയും ഒട്ടും നഷ്ടപ്പെടാതെ, ഓരോ പ്രത്യക്ഷപ്പെടലിലും തന്‍റെ എലഗൻസിലൂടെ ആരാധകരുടെ മനസ് കീഴടക്കലും ഈ ബോളിവുഡ് സുന്ദരി തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com