

'ഋഷഭിനെ അനുകരിച്ചത് ബഹുമാനം കൊണ്ട്': മാപ്പ് പറഞ്ഞ് രൺവീർ സിങ്
കന്നഡ ചിത്രം കാന്താരയിലെ ഋഷഭ് ഷെട്ടിയെ ഐഎഫ്എഫ്ഐ വേദിയിൽ അവതരിപ്പിച്ചത് വലിയ വിമർശനം നേരിട്ടതിന് പിന്നാലെ ക്ഷണാപണവുമായി നടൻ രൺവീർ സിങ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ക്ഷമാപണം നടത്തിയത്. താൻ എല്ലാ സംസ്കാരത്തേയും ബഹുമാനിക്കുന്ന ആളാണെന്നും തന്‍റെ പ്രവർത്തി ആരുടേയെങ്കിലും വികാരത്തെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും താരം കുറിച്ചു.
സിനിമയിലെ ഋഷഭിന്‍റെ മികച്ച പ്രകടനം എടുത്തുകാണിക്കുക എന്നതായിരുന്നു എന്‍റെ ഉദ്ദേശം. നടൻ എന്ന നിലയിൽ ആ രംഗം അവതരിപ്പിക്കാൻ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് മനസിലാക്കാനാവും. അതിനാൽ അദ്ദേഹത്തെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്കാരവും പാരമ്പര്യവും ഞാൻ ബഹുമാനിക്കുന്നു. ഞാൻ ആരുടേയെങ്കിലും വികാരം വ്രണപ്പെടുത്തിയെങ്കിൽ ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നു.- രൺവീർ സിങ് കുറിച്ചു.
ഗോവയിൽ നടന്ന IFFI 2025 ന്‍റെ സമാപന ചടങ്ങിൽ വച്ചാണ് ഋഷഭിന്‍റെ പ്രകടനം രൺവീർ അനുകരിച്ച് കാണിച്ചത്. ഋഷഭിന്‍റെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനൊപ്പം അനുകരിച്ചതും ദൈവത്തെ 'സ്ത്രീ പ്രേതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. പിന്നീലെ താരത്തിനെതിരെ വൻ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുകയായിരുന്നു. ദക്ഷിണേന്ത്യൻ ജനതയുടെ ദേവതകളോടുള്ള അനാദരവായാണ് ഒരു വിഭാഗം ഇതിനെ വിലയിരുത്തിയത്.