

രശ്മിക മന്ദാന
തന്‍റെ അമ്മ സുമൻ മന്ദാനയുടേതെന്ന പേരിൽ പുറത്തു വന്ന ശബ്ദരേഖ വ്യാപകമായി പ്രചരിക്കുന്ന സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടി രശ്മിക മന്ദാന രംഗത്ത്. ആളുകൾ എത്രത്തോളമാണ് അധപതിക്കുന്നതെന്ന് രശ്മിക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എട്ടു വർഷം മുമ്പുള്ളതെന്ന് കരുതപ്പെടുന്ന സ്വകാര്യ സംഭാക്ഷണം, അതിൽ ഉൾപ്പെട്ടവരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ എട്ടു വർഷമായി പലവിധം എന്നെ വേട്ടയാടുകയാണ്. അന്നെല്ലാം നിശബ്ദത പാലിച്ചു. പഷേ ഇപ്പോഴെല്ലാ പരിധിയും വിട്ടു.
"എന്‍റെ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റപ്പെടുന്നതും, ഞാൻ പറയാത്ത കാര്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതും, കേവലം കാഴ്ചക്കാർക്കും റീച്ചിനും വേണ്ടി വെറുപ്പ് പടരുന്നതും എനിക്ക് പലപ്പോഴായി കണ്ടു നിൽക്കേണ്ടി വന്നു.
ഇതെല്ലാം എന്നെ വളരെയധികം വേദനിപ്പിച്ചപ്പോഴൊക്കയും ഞാൻ ക്ഷമയോടെ നിശബ്ദത പാലിച്ചു. പൊതുമധ്യത്തിൽ നിൽക്കുന്ന ആളെന്ന നിലയിൽ പല വിവാദങ്ങളും സ്വഭാവികമാണ്. എപ്പോഴും എന്നോട് തന്നെ സത്യസന്ധത പുലർത്തി സന്തോഷത്തോടെ ഇരുന്നാൽ കാര്യങ്ങൾ ശരിയാകുമെന്നും ഞാൻ വിശ്വസിച്ചു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന കാര്യങ്ങളൊന്നും അംഗീകരിക്കാനാവുന്നതല്ല.
വാർത്താ കുറിപ്പിന്‍റെ സ്ക്രീൻഷോട്ട്
അങ്ങനെ ചെയ്യുന്നതിലൂടെ, എന്‍റെ കുടുംബത്തെയും, ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത, ഞാൻ സൗഹൃദം പുലർത്തുന്ന ആളുകളെയും അവർ അനാവശ്യമായി വലിച്ചിഴച്ചിരിക്കുന്നു. ഇത് സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണ്.നമ്മൾ ജീവിതത്തിൽ മുന്നോട്ട് പോകുമ്പോഴും, വളരുമ്പോഴും, നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും ചിലർ മറ്റൊരാളുടെ അന്തസും സമാധാനവും കെടുത്തിക്കൊണ്ട് വെറുപ്പും വിവാദങ്ങളുമുണ്ടാക്കുന്നത് ദൗർഭാഗ്യകരമാണ്.
ഇതിനൊരു നിയന്ത്രണരേഖ നിശ്ചയിക്കാൻ ഞാൻ തീരുമാനിച്ചു. ഈ ദൃശ്യങ്ങളോ വാർത്തകളോ പ്രചരിപ്പിക്കുന്ന എല്ലാ മാധ്യമങ്ങളോടും ഇൻഫ്ലുവൻസർമാരോടും വ്യക്തികളോടും അവ ഉടനടി നീക്കം ചെയ്യാൻ ഞാൻ ആവശ്യപ്പെടുന്നു. ഈ പ്രസ്താവന വന്ന് 24 മണിക്കൂർ സമയം നിങ്ങൾക്ക് നൽകുന്നു. ഈ സമയത്ത് ഒരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു - ഞങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനഃപൂർവം മോശമായി സംസാരിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം. എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാൻ അവർക്കാകുമോ? ഞങ്ങളുടെ ജീവിതം ഞങ്ങളുടേതല്ലേ? ഞങ്ങളുടെ തീരുമാനങ്ങൾ ഞങ്ങൾ തന്നെ എടുക്കും, അത് തുടരുകയും ചെയ്യും", രശ്മിക പറയുന്നു.