‘രാണബാലി’യുടെ ചിത്രീകരണം പൂർത്തിയാക്കി രശ്മിക മന്ദാന

‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് രാണബാലി
Vijay Deverakonda, Rashmika Mandanna

വിജയ് ദേവരക്കൊണ്ട, രശ്മിക മന്ദാന

Updated on

തെന്നിന്ത്യൻ സൂപ്പർതാരം നടി രശ്മിക മന്ദാന തന്‍റെ പുതിയ ചിത്രം ‘രാണബാലി’യുടെ ചിത്രീകരണം പൂർത്തിയാക്കി. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തെ റായലസീമ പ്രദേശത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന പീരിയഡ് ആക്ഷൻ ഡ്രാമയാണ് ചിത്രം.

രശ്മികയുടെ ഭർത്താവും നടനുമായ വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകൻ. ഒക്റ്റോബർ 16ന് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ചിത്രം തിയെറ്ററുകളിലെത്തും. നേരത്തെ സെപ്റ്റംബർ 11നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്.

ചിത്രത്തിൽ ജയമ്മ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. വിജയ് ദേവരകൊണ്ട "രാണബലി' എന്ന കഥാപാത്രമായെത്തും. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം 1854 മുതൽ 1878 വരെയുള്ള കാലഘട്ടത്തിലെ ചരിത്രരേഖകൾ, വാമൊഴി ചരിത്രങ്ങൾ, അധികം അറിയപ്പെടാത്ത സംഭവങ്ങൾ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കുന്നത്.

‘ദ മമ്മി’, ‘ദ മമ്മി റിട്ടേൺസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ അർണോൾഡ് വോസ്ലൂവും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്. അജയ്-അതുല്‍ കൂട്ടുകെട്ടാണ് ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.

‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് രാണബാലി. 2018ൽ പുറത്തിറങ്ങിയ ‘ടാക്സിവാല’യ്ക്ക് ശേഷം വിജയ് ദേവരകൊണ്ടയും സംവിധായകൻ രാഹുൽ സങ്കൃത്യനും ഒന്നിക്കുന്ന ചിത്രവും കൂടിയാണിത്.

ഹോമി അദജാനിയ സംവിധാനം ചെയ്ത ‘കോക്ക്ടെയിൽ 2’ ആണ് രശ്മികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവർക്കൊപ്പമാണ് ചിത്രത്തിൽ രശ്മിക എത്തിയത്.

logo
Metro Vaartha
www.metrovaartha.com