"മറവിയല്ല, നന്ദികേട്"; രാവണപ്രഭു റീ റിലീസിൽ പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരേ മനു മഞ്ജിത്

ചിത്രം ഒക്റ്റോബർ 10നാണ് റീ റിലീസ് ചെയ്തത്.
Ravanaprabhu re release gireesh puthanchery

രാവണപ്രഭു റീ റിലീസിൽ പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരേ ഗാനരചയിതാവ്

Updated on

മോഹൻലാൽ ചിത്രം രാവണപ്രഭുവിന്‍റെ റീ റിലീസിൽ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിൽ വിമർശനമുന്നയിച്ച് ഗാനരചയിതാവ് മനു മഞ്ജിത്. സമൂഹമാധ്യമങ്ങളിലൂടെ മനു ഇക്കാര്യം വ്യക്തമാക്കിയത്.

കുറിപ്പ് വായിക്കാം

പുതിയ 4K പതിപ്പിന്‍റെ പോസ്റ്ററിലേക്ക് പഴയ പേരുകൾ പകർത്തി എഴുതുമ്പോൾ അതിൽ "ഗിരീഷ് പുത്തഞ്ചേരി" എന്നൊരു പേര് വെട്ടിക്കളയാനുള്ള 'ധൈര്യം' തോന്നിയത് ആർക്കാണെന്നറിയില്ല.

ഇപ്പോഴും തിയേറ്ററിൽ കേൾക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോൾ ഉരുവിടുന്നത് "കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്....", "മഴക്കാറ് മായം കാട്ടും രാവാണേ" എന്നും...

ഉള്ളു വിങ്ങുന്നത് "തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും ഒരു രുദ്രതാളമായ് ചേർന്നിരുന്നു.." എന്നും... "വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരു"മ്പോൾ അതിനൊത്ത് പ്രണയിച്ചുമാണ്.

അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല.

ചില ഓർമ്മക്കുറവുകൾക്ക് പേര് 'മറവി' എന്നല്ല. 'നന്ദികേട്' എന്നാണ്....!!!!

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച ചിത്രം മാറ്റിനി നൗ ആണ് 4കെ അറ്റ്മോസിൽ എത്തിച്ചത്. 2001ൽ പുറത്തിറങ്ങിയ ചിത്രം ഒക്റ്റോബർ 10നാണ് റീ റിലീസ് ചെയ്തത്. തിയെറ്ററുകളിൽ ഗംഭീര വരവേൽപ്പാണ് ചിത്രത്തിന്‍റെ റീ റിലീസിന് ലഭിച്ചത്. അതിനുപിന്നാലെയാണ് വിവാദം ഉയർന്നു വന്നിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com