അച്ഛന്‍റെ മരണവാർത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ജീവ, ആശ്വസിപ്പിക്കാൻ ഓടിയെത്തി താരങ്ങൾ: വിഡിയോ

രാജസ്ഥാനിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം
RB Choudary Death: Jeeva Seen in Tears

അച്ഛന്‍റെ മരണവാർത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ജീവ, ആശ്വസിപ്പിക്കാൻ ഓടിയെത്തി താരങ്ങൾ: വിഡിയോ

Updated on

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നിർമാതാവും നടൻ ജീവയും പിതാവുമായ ആർ.ബി. ചൗധരിയുടെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാജസ്ഥാനിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. അച്ഛന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ മാനസികമായി തകർന്ന നിലയിലാണ് ജീവ. അച്ഛന്‍റെ വിയോഗ വാർത്ത അറിഞ്ഞ് കരയുന്ന ജീവയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വേദനയാകുകയാണ്.

ആരോടോ ഫോണിൽ സംസാരിക്കവേ നിയന്ത്രണംവിട്ട് കരയുന്ന ജീവയെ ആണ് വിഡിയോയിൽ കാണുന്നത്. തന്നെ ആശ്വസിപ്പിക്കാനായി എത്തിയ സുഹൃത്തിനെ കെട്ടിപ്പിടിച്ച് കരയുന്ന ജീവയേയും വിഡിയോയിൽ കാണാം. ചൗധരിയുടെ മരണ വാർത്ത അറിഞ്ഞ് തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ജീവയുടെ വീട്ടിൽ എത്തിയത്. രജനികാന്ത്, ചിരഞ്ജീവി, പവൻ കല്യാൺ തുടങ്ങിയ സൂപ്പർ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിച്ചു.

ചൊവ്വാഴ്ച രാജസ്ഥാനിലെ ഉദയ്പൂരിന് സമീപത്തുള്ള ബിയാവർ പാലി പിണ്ട്വാര റോഡിൽ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന എസ്‌യുവി നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്.

1988 മുതൽ സിനിമാ നിർമ്മാണ രംഗത്ത് സജീവമായ ആർ.ബി. ചൗധരി, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ സൂപ്പർ ഗുഡ് ഫിലിംസിന്റെ അമരക്കാരനായിരുന്നു. 1990ൽ പുതുവസന്തം എന്ന ചിത്രമാണ് ആദ്യമായി നിർമിച്ചത്. പിന്നീട് ഗോകുലം, നാട്ടാമൈ, പൂവൈ ഉനക്കാഗ, ഷാജഹാൻ, തിരുപ്പാച്ചി, കച്ചേരി ആരംഭം, ജില്ല, ഗോഡ്ഫാദർ, മാരീശൻ തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ചു. മാരീശൻ ആണ് ഒടുവിൽ നിർമിച്ച ചിത്രം . മലയാളത്തിൽ ആദിപാപം, ലയനം, കൽപന ഹൗസ്, ചോദ്യം, കീർത്തിചക്ര, വില്ലാളി വീരൻ, തങ്കമണി എന്നീ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com