മനുഷ്യമനസുകളെ മരവിപ്പിക്കുന്ന "ഹൗസ് ഓഫ് സീക്രട്ട്സ്; ദ ബുരാരി ഡെത്ത്സ്"

എന്തായിരുന്നു ഈ കുടുംബത്തിൽ സംഭവിച്ചത്? ആരാണ് അവരെ മരണത്തിലേക്ക് തള്ളിവിട്ടത്?
മനുഷ്യമനസുകളെ മരവിപ്പിക്കുന്ന "ഹൗസ് ഓഫ് സീക്രട്ട്സ്; ദ ബുരാരി ഡെത്ത്സ്"

ആർദ്ര ഗോപകുമാർ

മനസിനു നല്ലരീതിയിൽ ബലമുള്ളവർക്കുമാത്രമെ "ഹൗസ് ഓഫ് സീക്രട്ട്സ്; ദ ബുരാരി ഡെത്ത്സ്" എന്ന ഡോക്യു-സീരീസ് കണ്ടുതീർക്കാനാവു. ജൂലൈ 1 2018, ഡൽഹിക്ക് സമീപമുള്ള ബുരാരി എന്ന സ്ഥലത്തെ ഭാട്ടിയ കുടുംബത്തിലെ 11 പേരുടെ മൃതദേഹം കണ്ടെത്തിയ ഞെട്ടലിലായിരുന്നു പൊലീസും നാട്ടുകാരും. ഭാട്ടിയ കുടുംബത്തിലെ ഏറ്റവും മുതിർന്ന നാരായൺ ദേവിയൊഴികെ മറ്റു 10 പേരേയും തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നാരായൺ ദേവിയുടെ കഴുത്തിലെ പാടുകൾ കൊലപാതകത്തിലേക്കുതന്നെ വിരൽ ചൂണ്ടിയപ്പോൾ ആ കഥ ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും കാട്ടുതീ പോലെ പടർന്നു.  

എന്തായിരുന്നു ഈ കുടുംബത്തിന് സംഭവിച്ചത്? ആരാണ് അവരെ മരണത്തിലേക്ക് തള്ളിവിട്ടത്? അതിനുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത "ഹൗസ് ഓഫ് സീക്രട്ട്സ്; ദ ബുരാരി ഡെത്ത്സ്" എന്ന ഡോക്യുമെന്‍ററി.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലീന യാദവ്, അനുഭവ് ചോപ്ര എന്നിവർ സംവിധാനം ചെയ്ത ഒരു ഡോക്യു-സീരീസാണ് ഹൗസ് ഓഫ് സീക്രട്ട്സ്. 42 മിനിറ്റും 3 എപ്പിസോഡുകളും മാത്രമുള്ള ഈ സീരീസിലൂടെ അന്നു നടന്ന സംഭവങ്ങളുടെ ചുരുളഴിയാത്ത രഹസ്യങ്ങൾ ആളുകളുടെ മുൻപിൽ എത്തിക്കാൻ ശ്രമിക്കുകയാണ് ഇവർ. 11 പേരെ ആത്മഹത്യയിലേക്ക് നയിച്ച ഈ സംഭവം 2018-ലാണ് നടന്നത് എങ്കിലും സീരീസിന്റെ റിലീസോടെ അതേ ആകാംക്ഷ ഇന്ന് വീണ്ടും ചർച്ചകളിൽ നിറയുകയാണ്.

2018 ജൂണ്‍ 30 നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. മൃതദേഹങ്ങളുടെ കണ്ണുകൾ കെട്ടുകയും വായില്‍ ടേപ്പു ഒട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ഏതോ ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. 

നാരായണിയുടെ ഇളയ മകനായ ലളിത് വർഷങ്ങൾക്കു മുൻപു മരിച്ചുപോയ തന്റെ പിതാവിനോടു സംസാരിക്കാറുണ്ടായിരുന്നുവെന്ന് അവിടെ നിന്ന് കണ്ടെത്തിയ ഡയറിക്കുറിപ്പുകൾ പറയുന്നു. മരിക്കുന്നതിന് മുൻപുള്ള 11 വർഷങ്ങൾ അവർ ഈ ഡയറിക്കുറിപ്പുകളിലെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്. മരിച്ചുപോയ അച്ഛൻ ലളിതിനോട് സ്വപ്നത്തിൽ പറയുന്ന കാര്യങ്ങളാണ് ഡയറിക്കുറിപ്പിൽ നിർദ്ദേശങ്ങളായി മാറിയിരുന്നതെന്നാണ് കുടുംബാംഗങ്ങൾ വിശ്വസിച്ചിരുന്നത്.

തങ്ങൾ മരിക്കുന്നതിന് മുന്‍പ് സമീപം വച്ചിരിക്കുന്ന കപ്പിലെ വെള്ളം നീല നിറമാകുന്നതോടെ പിതാവ് എത്തി രക്ഷപ്പെടുത്തുമെന്നും അവർ മരണത്തിലേക്ക് വീഴില്ലാ എന്നും ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു. പിതാവിന്റെ ആത്മാവ് തന്നിൽ പ്രവേശിക്കാറുണ്ടെന്നു ലളിത് കുടുംബത്തെ വിശ്വസിപ്പിച്ചു. കുടുംബത്തിലെ ബാക്കിയുള്ള പത്തുപേരുടെയും ചിന്തകളെ നിയന്ത്രിക്കാന്‍ ലളിതിന് എങ്ങനെ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ അത്ഭുതം. പതിനൊന്ന് ഡയറികളാണ് അവിടെ നിന്ന് പൊലിസുകാർ കണ്ടെത്തിയത്. അച്ഛൻ സ്വപ്നത്തിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, തന്റെ കുടുംബാംഗങ്ങൾ എന്തുചെയ്യണമെന്നും ചെയ്യരുതെന്നും ആ ഡയറികുറിപ്പിൽ നിർദ്ദേശിച്ചിരുന്നു. 

മൂന്ന് ഭാഗങ്ങൾ മാത്രമാണ് ഈ സീരീസിൽ ഉള്ളത് എങ്കിലും തുടക്കം മുതൽ അവസാനം വരെ ആളുകളെ അതേ ആകാംക്ഷയിൽ നിർത്താൻ സംവിധായിക ശ്രദ്ധിച്ചിട്ടുണ്ട്. മുത്തച്ഛൻ സംസാരിക്കുന്ന ഭാഗങ്ങളിലുള്ള ശബ്ദം നമ്മുടെ നട്ടെല്ല് തണുപ്പിക്കുന്ന വിധമുള്ളതാണ്. ബാനിയൻ മരത്തിന്റെ രൂപത്തിൽ കുടുംബാംഗങ്ങൾ തൂങ്ങിക്കിടക്കുന്ന ചിത്രീകരണവും അത്തരത്തിലെന്നാണ്.

അന്വേഷണത്തിനിടെ ഇവരുടെ വീട്ടിൽ 11 ഇരുമ്പുപൈപ്പുകൾ ഒരു ചുമരിന്റെ വശത്തുനില്ക്കുന്നത് പൊലീസിനെ കുഴപ്പിച്ചിരുന്നു. പതിനൊന്ന് അംഗങ്ങളെ സൂചിപ്പിക്കുന്നതോ, അതോ അന്ധവിശ്വാസത്തിന്റെ ഭാഗമായിരുന്നോ എന്നും പൊലീസ് സംശയിച്ചിരുന്നു. മുൻവാതിലിന് മുകളിലുള്ള അഴികളും, അവിടെനിന്ന് കണ്ടെത്തിയ ഡയറികളും എല്ലാം പതിനൊന്നായിരുന്നു. 

കേസുമായി ബന്ധപ്പെട്ട് പോലീസ്, ക്രൈം റിപ്പോർട്ടർ, ചാനൽ ഹെഡ് എന്നിവരുടെ സാക്ഷൃപ്പെടുത്തലിലുടെ നിരവധി വസ്തുതകൾ നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഈ ഡോക്യുമെന്ററിയുടെ ഏറ്റവും ആകർഷകമായ സംഭവവികാസം എന്നത് ആ കുടുംബത്തിലെ ബാക്കിയുള്ള പത്തുപേരുടെയും ചിന്തകളെ നിയന്ത്രിക്കാന്‍ ലളിതിന് കഴിഞ്ഞിരുന്നു എന്നതാണ്. കുടുംബത്തിന് ലളിതിന്റെ വാക്കുകൾ നിയമങ്ങളായി മാറുകയും അതിനെ ചോദ്യം ചെയ്യാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല.

"എന്തോ കുഴപ്പമുണ്ടായിരുന്നു' 'ഇത് സംഭവിക്കാൻ പാടില്ല' '' ഇതുപോലൊന്ന് ഞങ്ങൾ കണ്ടിട്ടില്ല '' എന്ന പദപ്രയോഗങ്ങൾ കൊണ്ട് സസ്പെൻസ് നിലനിർത്താൻ പ്രതേൃകം ശ്രദ്ധിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ അതേ രീതിയിൽ പുനർനിർമിക്കാനും ആർക്കൈവ്ഡ്  വീഡിയോസ് ഉപയോഗിച്ച് വാസ്തവത്തെ റീ-ക്രിയേറ്റ് ചെയ്യാൻ സാധിച്ചു എന്നതും ഈ ഡോക്യുമെന്ററിയുടെ ഒരു പ്ലസ് പോയിന്റാണ്. 

3 എപ്പിസോഡുകൾ മാത്രമുള്ള ഈ ഡോക്യു-സീരീസ്, മാനസിക ആരോഗ്യത്തെക്കുറിച്ച് സമൂഹത്തിലെ മിഥ്യാധാരണകൾ എങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്ന വളരെ പ്രധാനപ്പെട്ട വിഷയത്തിലാണ് അവസാനിക്കുന്നത്.  പുറത്തുനിന്ന് നോക്കിയാൽ വളരെ സാധാരണയായി തോന്നുന്ന ഭാട്ടിയ കുടുംബത്തിന് ഇതുപോലെ ഒരു ദുരന്തം എങ്ങനെ സംഭവിച്ചു എന്ന വാസ്തവത്തെയാണ് ഈ ഡോക്യുമെന്ററി സീരീസിലൂടെ സംവിധായിക ചർച്ചചെയ്യാൻ ആഗ്രഹിച്ചത്.

മാനസികമായി നമ്മളെ സമ്മർദത്തിൽ ആഴ്ത്തുന്ന ഒന്നും തന്നെ ഈ സീരീസിൽ കാണിച്ചിട്ടില്ല എങ്കിലും ഒരു നെടുവീർപ്പൊടെ മാത്രമാണ് ഈ സീരീസ് കണ്ടുതീർക്കാൻ സാധിക്കൂ. ഒരാൾ അയാളുടെ മാനസിക ആരോഗ്യപ്രശ്നങ്ങൾക്കായി സഹായം തേടുന്നത്, എന്നാണ് സമൂഹത്തിൽ സാധാരണമാകാൻ പോകുന്നത്?? ശരീരത്തിന് ബാധിക്കുന്ന ഏതൊരു അസുഖം പോലെ തന്നെ ഈ ഒരു പ്രശ്നത്തെയും കൈകാര്യം ചെയ്യാൻ എന്നാണ് നമ്മളും തയ്യാറാവുന്നത് ??

സംഭവം 3 വർഷം പിന്നിടുന്നുവെങ്കിലും, ഇന്നും അതോർക്കുമ്പോൾ നമുക്ക് നടുക്കം വിട്ടുമാറില്ല. അന്ധവിശ്വാസങ്ങൾ നമ്മുടെ മനസ്സുകളെ എങ്ങനെയെല്ലാം  സ്വാധീനിക്കുന്നുവെന്നതിന്റെ ഒരു നേർചിത്രമാണ് ഈ ദുരന്തം. 

വിചിത്രമെന്ന് പറയട്ടെ ഉയർന്ന ചിന്താഗതി ഉള്ള ഒരു സമൂഹമാണ് നമ്മുടേത് എന്നും ടെക്നോളജി ഇത്രയുമധികം വളർന്ന ഒരു കാലഘട്ടത്തിലാണ് നമ്മളെലാവരും എന്ന് ഊറ്റം കൊള്ളാറുള്ള ഒരുക്കാലത്താണ് ഇത്തരമൊരു സംഭവം നടന്നത്, അതും നമ്മുടെ തവസ്ഥാന നഗതിയിൽ.......!!!

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com