"നിങ്ങൾ ബലാത്സംഗത്തിന് ഇരയാവുകയല്ലല്ലോ, പറ്റില്ലെങ്കിൽ ഇറങ്ങിപ്പോകണം, ഭിന്നിപ്പുണ്ടാക്കരുത്"; രാധികയ്ക്കും ജാൻവിക്കുമെതിരേ നടി

'ഒരു സ്ത്രീ എന്ന നിലയിൽ താൻ സ്ത്രീകൾക്ക് പിന്തുണ നൽകും. എന്നാൽ ജാൻവിക്കോ രാധികയ്ക്കോ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് തോന്നുന്നില്ല'
regina cassandra against radhika apte and janhvi kapoor

ജാൻവി കപൂർ, റെജീന കസാന്ദ്ര, രാധിക ആപ്തെ

Updated on: 

തെന്നിന്ത്യൻ സിനിമയിലെ അനീതിയെക്കുറിച്ചുള്ള ബോളിവുഡ് നടിമാരായ രാധിക ആപ്തെയുടെയും ജാൻവി കപൂറിന്‍റെയും തുറന്നു പറച്ചിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഇവർക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റെജീന കസാന്ദ്ര. ഉത്തരേന്ത്യ- ദക്ഷിണേന്ത്യ എന്ന വിഭചനമുണ്ടാക്കാനാണ് നടിമാർ ശ്രമിച്ചത് എന്നാണ് റെജീന പറയുന്നത്. മോശം അനുഭവമുണ്ടായാൽ സിനിമയിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം അഭിനേതാക്കൾക്കുണ്ടെന്നും അല്ലാതെ എല്ലാ കഴിഞ്ഞശേഷം കുറ്റം പറയുകയല്ല വേണ്ടതെന്നും നടി പറഞ്ഞു.

സിനിമയിൽ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അഭിനേതാക്കളാണ്. അസ്വസ്ഥത തോന്നുന്നെങ്കിൽ ആ സിനിമയിൽ നിന്ന് പിന്മാറുക. മറ്റൊരു വഴിയുമില്ലായിരുന്നു എന്ന് പറയേണ്ട അവസ്ഥയിലേക്ക് നമ്മൾ സ്വയം എത്തരുതെന്നും റെജീന പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ താൻ സ്ത്രീകൾക്ക് പിന്തുണ നൽകും. എന്നാൽ ജാൻവിക്കോ രാധികയ്ക്കോ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് തോന്നുന്നില്ലെന്നും അവർക്ക് ആ സിനിമയിൽ നിന്ന് പിൻമാറാവുന്നതെയുള്ളൂവെന്നും റെജീന കൂട്ടിച്ചേർത്തു.

ഒരു സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്ക് ഇത് ചെയ്യാൻ താൽപ്പര്യമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോകാൻ നിങ്ങൾക്ക് പൂർണ അവകാശമുണ്ട്. പിന്നീട് ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനെക്കാൾ നല്ലത് ഇതാണ്. ഒരുപക്ഷേ നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തും. എനിക്ക് അത് പൂർണമായും മനസിലാകും. എന്നാൽ, നിങ്ങൾ ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയല്ലല്ലോ? ക്ഷമിക്കണം, നിങ്ങൾ പൂർണമായും നിസ്സഹായാവസ്ഥയിൽ അല്ലല്ലോ എന്നാണ് ഉദ്ദേശിച്ചത്. എന്നാൽ വടക്ക്- തെക്ക് വിഭജനം സൃഷ്ടിക്കരുത്. അത് സിനിമാ വ്യവസായത്തിന് വളരെ മോശമാണ്.- റെജീന കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന മാറ്റി നിർത്തലിനെക്കുറിച്ചും നടി സംസാരിച്ചു. അക്ഷയ് കുമാർ ചിത്രത്തിൽ നടന്‍റെ ഭാര്യയുടെ വേഷം ചെയ്തിട്ട് പോലും നിർമാണകമ്പനിയായ ധർമ പ്രൊഡക്ഷൻസ് തന്‍റെ പേരു പോലും പരാമർശിച്ചില്ല എന്നാണ് റെജീന പറഞ്ഞത്. കേസരി ചാപ്റ്റർ 2 എന്ന ചിത്രത്തേക്കുറിച്ചാണ് നടി പറഞ്ഞത്. ഒരു ദക്ഷിണേന്ത്യക്കാരിയായതുകൊണ്ടാണോ തന്നെ വെറുമൊരു വസ്തുവായി കണ്ടത് എന്നും റെജീന ചോദിച്ചു.

പെദ്ദി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജാൻവി കപൂർ തെന്നിന്ത്യൻ‌ സിനിമയിലെ പോരായ്മയെക്കുറിച്ച് സംസാരിച്ചത്. തെന്നിന്ത്യയിൽ പൂർണമായ സ്ക്രിപ്റ്റ് നേരത്തെ കിട്ടില്ല എന്നാണ് നടി പറഞ്ഞത്. പ്രായമായ നടന്‍റെ ഭാര്യയായി അഭിനയിക്കേണ്ടിവന്നതിനെക്കുറിച്ചാണ് രാധിക ആപ്തെ പറഞ്ഞത്. നടന്‍റെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും നന്ദമൂരി ബാലകൃഷ്ണന്‍റെ ലെജൻഡിനെക്കുറിച്ചാണ് നടി പറഞ്ഞത് എന്നാണ് പറയപ്പെടുന്നത്.