

മലയാള സിനിമയിലേക്ക് വയനാട്ടിൽ നിന്നൊരു ഗായിക വരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയായ രേണുക വയനാടിന്‍റെ സിനിമയിലെ അരങ്ങേറ്റം അരിവാൾ എന്ന സിനിമയിലൂടെയാണ്. മാനന്തവാടി ചുണ്ടക്കുന്നിലെ ആദിവാസി കോളനിയിലെ പണിയർ സമുദായത്തിൽപെട്ട മണിയുടേയും രമ്യയുടേയും മകളാണു പ്ലസ്ടുക്കാരി രേണുക വയനാട്
സമൂഹമാധ്യമങ്ങളിൽ രേണുക പാടിയ കെ.എസ്.ചിത്രയുടെ തങ്കത്തോണി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്നു ടെലിവിഷൻ ചാനലുകളിലും രേണുക സാന്നിധ്യം അറിയിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത രേണുകയുടെ പാട്ടുകേട്ട് രാഹുൽ ഗാന്ധിയുൾപ്പടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. അനീഷ് പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന അരിവാൾ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പ്രമേയത്തിന്‍റെ പ്രാധാന്യവും, തിരക്കഥയുടെ സ്വാഭാവികതയും അവതരണത്തിന്‍റെ വ്യത്യസ്തതയും കൊണ്ടു ശ്രദ്ധേയമാകുന്ന സിനിമയാണ് അരിവാൾ. ഹരിപ്പാട് ഹരിലാലാണ് രചന.
സമൂഹത്തിൽഅടിച്ചമർത്തപ്പെട്ട ആദിവാസി സമൂഹം നേരിടേണ്ടിവരുന്ന യാതനകളുടേയും അവരുടെ ചെറുത്തുനിൽപ്പിന്‍റെയും കഥയാണ് അരിവാൾ. ”നേരമുദിച്ചുവഞ്ചോ വലിയെ മലെ മുകളു...തുള്ളി ആയി വീയിഞ്ചോ തേനു..” എന്ന ഗാനമാണ് രേണുക ചിത്രത്തിൽ പാടിയിരിക്കുന്നത്.
ഗാനരചന ജയമോഹൻ കടുങ്ങല്ലൂർ സംഗീതം അജിത്ത് സുകുമാർ. ഷൈജു.ടി.ഹംസയാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായിക ജാനകി സുധീർ. ശ്രീജ സംഘകേളി, പ്രദീപ് ശ്രീനിവാസൻ, ബാബു ചെല്ലാനം,യുനസ്, നവനീത്, അനീഷ്പോൾ, അനിത തങ്കച്ചൻ, ജോവിറ്റ ജൂലിയറ്റ്, സുമിത, കാർത്തിക, ശ്രുതി, ജിതമത്തായി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ക്യാമറ ഫൈസൽ റമീസ്, എഡിറ്റിംങ്ങ് ടിനുതോമസ്, വസ്ത്രാലങ്കാരം പളനി, കലാസംവിധാനം പ്രഭമണ്ണാർക്കാട്, സംഘട്ടനം അഷറഫ് ഗുരുക്കൾ,അസോസിയേറ്റ്സ്: സന്തോഷ്, മഹേഷ് കാരന്തൂർ,റീറെക്കോർഡിംങ്ങ് റുഡോൾഫ്.വി.ജി, പി.ആർ.ഒ എം.കെ.ഷെജിൻ. എപിസി പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.