
ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ
കൊച്ചി: പ്രവീൺ നാരായണന്‍റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകാനായിയെത്തുന്ന ജാനകി സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്കെ) ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. റീ എഡിറ്റ് ചെയ്ത പതിപ്പിനാണ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. 8 മാറ്റങ്ങളോടെയായിരിക്കും ചിത്രം തിയെറ്ററിലെത്തുക. അടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന കാര‍്യം അണിയറ പ്രവർത്തകർ വ‍്യക്തമാക്കി. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരിക്കും പുതിയ പതിപ്പിന്‍റെ പേര്.
ചിത്രത്തിലെ കോടതി രംഗങ്ങളും മ‍്യൂട്ട് ചെയ്തിട്ടുണ്ട്. വിചാരണ നടക്കുന്ന സമയത്ത് അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗവും മ‍്യൂട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ രണ്ട് മിനിറ്റുകൾക്കിടെ ആറ് ഭാഗങ്ങളാണ് മ‍്യൂട്ട് ചെയ്തിട്ടുള്ളത്.
സബ് ടൈറ്റിലുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് നിർമാതാക്കൾ ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് തയാറായതെന്നാണ് വിവരം. എന്നാൽ ചിത്രം ഉടനെ തന്നെ തിയെറ്ററിലെത്തിക്കുന്നതിനായാണ് സെൻസർ ബോർഡിന്‍റെ നിർദേശങ്ങൾ പാലിച്ചതെന്ന് നിർമാതാക്കൾ കോടതിയിൽ വ‍്യക്തമാക്കിയിരുന്നു.
ചിത്രത്തിൽ അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ജാനകിയെന്ന പേര് ഉപയോഗിക്കുന്നതിനു പകരം കഥാപാത്രത്തിന്‍റെ മുഴുവൻ പേരായ ജാനകി വിദ‍്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ജൂൺ 27ന് തിയെറ്ററിൽ റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്.